സി.പി.എം കോട്ടകള്‍ എന്ന വിശേഷണങ്ങള്‍ ഇല്ലാതായി-പക്ഷെ, അടിത്തറ ഭദ്രമെന്ന് സെക്രട്ടേറിയേറ്റ് പ്രഖ്യാപിക്കും.

തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവയൊക്കെ സി.പി.എം കോട്ടകളാണ് എന്നാണ് പതിറ്റാണ്ടുകളായി പത്ര-ദൃശ്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ തങ്ങള്‍ വിചാരിക്കുന്നതെല്ലാം നടക്കും എന്ന വിശ്വാസമാണ് സി.പി.എം എന്ന പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കാലാകാലങ്ങളായി വിശ്വസിച്ചുകൊണ്ടിരിക്കുന്നത്.

ആരെ വേണമെങ്കിലും ബോംബെറിയാം, വെട്ടിക്കൊല്ലാം, 51 വെട്ടുവെട്ടാം, രക്തസാക്ഷി ഫണ്ട് മോഷ്ടിക്കാം, ഭാര്യയെ എം.എല്‍.എ ആക്കാം തുടങ്ങി എന്തുവേണമെങ്കിലും ചെയ്യാം കാഡറുകള്‍ പറഞ്ഞ സ്ഥലത്ത് പറഞ്ഞപോലെ വോട്ടുകുത്തും എന്ന ഒരു ധാരണ പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടായിരുന്നു.

എന്നാല്‍ കോട്ടകളൊന്നും കോട്ടകളല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കയാണ്.

സി.പി.എം നേതൃത്വം പറഞ്ഞാല്‍ അതുപോലെ അനുസരിക്കുന്ന ഒരു വിഭാഗം പാര്‍ട്ടിക്ക് ഉണ്ടായിരുന്നുെവങ്കിലും കാലത്തിന്റെ ഒഴുക്കില്‍ ആ തലമുറതന്നെ ഒഴുകിപ്പോയത് നേതൃത്വം മനസിലാക്കിയില്ല എന്നതാണ് നെടുങ്കോട്ടകള്‍ പിളരാന്‍ കാരണം.

പി.കെ.ശ്യാമള മല്‍സ രംഗത്ത് എത്തുമ്പോള്‍ രാഷ്ട്രീയ വിശകലനത്തില്‍ പാണ്ഡിത്യമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞത് ഇതാണ്-പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങല്‍ തുടക്കത്തില്‍ ഉണ്ടാകുമെങ്കില്‍ പോലും സംസ്ഥാന കമ്മറ്റി ലിസ്റ്റ് അംഗീകരിക്കുന്നതോടെ എല്ലാവരും സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രംഗത്തിറങ്ങവും, വര്‍ഷങ്ങളായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വെട്ടുചെയ്തവര്‍ക്ക് എത്ര അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വോട്ട് മാറ്റി ചെയ്യാനാവില്ല-

എന്നാല്‍ പുതിയതലമുറ അതില്‍ നിന്നൊക്കെ പുറത്തേക്ക് വരുന്നു, വസ്തുതകള്‍ ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ ഗ്രഹിച്ച് പ്രതികരിക്കുന്ന ഒരു വലിയ വിഭാഗം രൂപപ്പെട്ടുവരുന്നു.

ഇ.കെ.നായനാര്‍ മല്‍സരിച്ച് വിജയിച്ച തൃക്കരിപ്പൂരില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുക എന്നുവെച്ചാല്‍ സി.പി.എം തീര്‍ന്നു എന്നുതന്നെയാണ് അതിനര്‍ത്ഥം.

തളിപ്പറമ്പിലും പയ്യന്നൂരിലും ലഭിച്ച വിജയം അത് അടിവരയിടുന്നു. ധര്‍മ്മടത്തും മട്ടന്നൂരിലും പിറകില്‍ പോയതും സൂചിപ്പിക്കുന്നത് അതുതന്നെയാണ്.

വര്‍ഗവഞ്ചകന്‍, കുലംകുത്തി തുടങ്ങിയ വാക്കുകള്‍ സി.പി.എം നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യേണ്ട സമയമായെന്ന് വ്യക്തമാക്കുന്നതാണ് ഈ ജനവിധി.

എന്നാല്‍ തിരിച്ചടി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പറയുന്ന ഗോവിന്ദന്‍മാര്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം പറയാന്‍ പോകുന്നത് ഇതാണ്

-ഇതൊരു താല്‍ക്കാലിക തിരിച്ചടി മാത്രം, തങ്ങളുടെ അടിത്തറ ഭദ്രമാണ്, അതുകൊണ്ടുതന്നെ ഒരു മാറ്റങ്ങളും വരുത്തേണ്ടതില്ലെന്ന് നേതൃത്വം വിലയിരുത്തി എന്നായിരിക്കും.

അടിത്തറമാത്രമുള്ളിടത്ത് കയറിക്കിടക്കാന്‍ പറ്റില്ലല്ലോ, മേല്‍പ്പുരയില്ലെങ്കില്‍ എന്ത് കാര്യം.