ആറിടത്ത് തീപിടിച്ചു- പതിനാറേക്കര്‍ സ്ഥലം ചാമ്പലായി-
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം.

ഉച്ചക്ക് 12 ന് തുടങ്ങിയ തീയണക്കല്‍ രാത്രി എട്ടുവരെ നീണ്ടു. ഉച്ചക്ക് 12 മണിയോടെ നാടുകാണി അല്‍മഖറിന് സമീപത്തായിരുന്നു ആദ്യത്തെ തീപിടുത്തം.
ഇവിടെ മൂന്നേക്കറോളം സ്ഥലത്തെ പുല്‍മേടുകള്‍ക്കാണ് തീപിടിച്ചത്.
വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് കോട്ടക്കുന്നിലെ രണ്ടരയോക്കര്‍ സ്ഥലത്ത് തീപിടിച്ചു.
ഇതിനിടയില്‍ അള്ളാംകുളം പ്രദേശത്ത് മൂന്നരയോടെ തീപിടിച്ച് ഒരേക്കര്‍ സ്ഥലത്തെ ചെറുമരങ്ങളും പുല്ലുകളും നശിച്ചു.
വൈകുന്നേരം 4.30 ന് നടുലില്‍ പാലേരിത്തട്ടില്‍ രണ്ടേക്കറോളം കശുമാവിന്‍ തോട്ടം പൂര്‍ണ്ണമായി കത്തിനശിച്ചു.
4.45 നാണ് കാഞ്ഞിരങ്ങാട് നിര്‍ദ്ദിഷ്ട റവന്യൂ ജില്ലാ ജയിലിന് ഏറ്റെടുത്ത് നിര്‍മ്മാണം നടന്നുവരുന്ന സ്ഥലത്ത് തീപിടുത്തമുണ്ടായത്.
ഇവിടെ നിരവധി ചെറുമരങ്ങള്‍ അഗ്‌നിക്കിരയായി.
ഏതാണ്ട് രണ്ടേക്കറോളം സ്ഥലമാണ് ഇവിടെ തീപിടിച്ചത്.
രാത്രി എട്ടുമണിയോടെ ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറ കലാഗ്രാമത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം പൂര്‍ണമായും കത്തിനശിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ എന്നിിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളാണ് തീയണച്ചത്.
