നളിനപ്രഭ പുരസ്‌കാരം സുരേഷ് അന്നൂരിന്

പിലാത്തറ: പയ്യന്നൂര്‍ നളിനം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നളിനപ്രഭ പുരസ്‌കാരത്തിന് പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും പ്രശസ്ത ഡോട്ട് ചിത്രകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായ സുരേഷ് അന്നൂരിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

10,001 രൂപയാണ് പുരസ്‌കാര തുക.

പെരിയാടന്‍ പുത്തലത്ത് നളിനിയുടെ സ്മരണാര്‍ത്ഥം 2019 ല്‍ രൂപം കൊണ്ട നളിനം ഫൗണ്ടേഷന്‍ പയ്യന്നൂരിലും സാംസ്‌കാരിക പരിസരപ്രദേശത്തും സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമാണ്.

നാളെ മുതല്‍ നളിനം ഫൗണ്ടേഷന്‍ പുറച്ചേരി കേശവതീരത്ത് സംഘടിപ്പിക്കുന്ന വായന വാരാഘോഷ പരിപാടിയോടനുബന്ധിച്ച് 21-ന് നോവലിസ്റ്റ് ആര്‍.ഉണ്ണിമാധവന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി അധ്യാപന-ചിത്രകല-ഹ്രസ്വചിത്ര-സംഗീതരംഗത്ത് സജീവ സാന്നിധ്യമാണ് സുരേഷ്.

പേന കുത്തുകള്‍ കൊണ്ടുള്ള ഡോട്ട് ചിത്രകലാരീതി കേരളത്തെ പരിചയപ്പെടുത്തിയ ചിത്രകാരനായ ആയിരത്തിലധികം ഡോട്ട് മുഖചിത്രങ്ങള്‍ വരക്കുകയും നിരവധി പ്രശസ്തരും സാധാരണക്കാരുമായ വ്യക്തികള്‍ക്ക് നേരിട്ട് സമ്മാനിക്കുകയും ചെയ്തിതിട്ടുണ്ട്.

വാര്‍ത്ത സമ്മേളനത്തില്‍ പ്രമോദ് പുത്തലത്ത്, ഡോ.കേശവന്‍ വെദിരമന, ഒ.കെ.നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.