തെറ്റുകള്‍ തിരുത്തുന്നതിന് പകരം സി പി എം നേതൃത്വം കൂടുതല്‍ തെറ്റുകളിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി സണ്ണി ജോസഫ്

പയ്യന്നൂര്‍: തെറ്റുകള്‍ തിരുത്തുന്നതിന് പകരം സി.പി.എം നേതൃത്വം കൂടുതല്‍ തെറ്റുകളിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ അഡ്വ.സണ്ണി ജോസഫ്.

പയ്യന്നൂര്‍ എം.എല്‍.എ വി.കുഞ്ഞികൃഷ്ണന്റെ മണ്ഡലം തല ഓഫീസ് പയ്യന്നൂര്‍ പെരുമ്പ ബൈപ്പാസ് ജംഗ്ഷന് സമീപമുള്ള ലത്തീഫിയ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.കുഞ്ഞികൃഷ്ണനോട് തെറ്റുതിരുത്തി വരാനാണ് സി.പി.എം ആവശ്യപ്പെടുന്നത്.

എന്നാല്‍ സത്യത്തില്‍ ആരാണ് തെറ്റ് തിരുത്തേണ്ടത്. തെറ്റ് ചെയ്ത സി.പി.എം നേതൃത്വമാണോ, അതല്ല തെറ്റ് ചൂണ്ടിക്കാട്ടിയ വി.കുഞ്ഞികൃഷ്ണനാണോ? മന്ത്രി ചോദിച്ചു.

തെറ്റുകള്‍ തിരുത്താന്‍ ബാലറ്റ് പേപ്പറുകള്‍ക്ക് സാധിക്കും.

ബാലറ്റു പേപ്പറുകള്‍ക്ക് വെടിയുണ്ടയെക്കാള്‍ ശക്തിയുണ്ടെന്ന് പ്രവര്‍ത്തിപഥത്തില്‍ കാണിച്ചു കൊടുത്ത ഒരു നിശബ്ദനായ പോരാളികൂടിയാണ് വി.കുഞ്ഞികൃഷ്ണന്‍.

ഏകാധിപത്യത്തിനും തെറ്റുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അതിശക്തമായ പോരാട്ടം നയിച്ചതിന്റെ വിജയം കൂടിയാണ് പയ്യന്നൂരിലുണ്ടായ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി ചെയര്‍മാന്‍ കെ.ടി.സഹദുള്ള അധ്യക്ഷത വഹിച്ചു.

വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ജയരാജ്, വി.കെ.പി.ഇസ്മായില്‍, ബി.സജിത്‌ലാല്‍, പനക്കീല്‍ ബാലകൃഷ്ണന്‍, വി.പി.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.