മെഡിസെപ്പ് -സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പു വരുത്തണം-കെ.ജി.ഒ.യു

കണ്ണൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി വിഭാവനം ചെയ്ത മെഡിസെപ്പ് (മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ടു ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് പെന്‍ഷണേഴ്‌സ് )പദ്ധതിയില്‍

സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവില്‍ പ്രസ്തുത പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമോ പങ്കാളിത്തമോ ഇല്ല. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും മാത്രം മുഴുവന്‍ പ്രീമിയം തുകയും നിര്‍ബന്ധപൂര്‍വ്വം ശേഖരിക്കുവാനുള്ള നിര്‍ദ്ദേശമാണുള്ളത്.

ഭാര്യയും ഭര്‍ത്താവും ജീവനക്കാരോ പെന്‍ഷന്‍കാരോ ആണെങ്കില്‍ രണ്ട് പേരില്‍ നിന്നും മാസം തോറും 500 രൂപ വീതം പ്രീമിയം ഈടാക്കും, അതേ സമയം ഒരാള്‍ക്കുള്ള പരിരക്ഷ തുകയായ 3 ലക്ഷം രൂപ മാത്രമെ 2 പേര്‍ക്കും കൂടി ലഭിക്കൂ.

ഇന്‍ഷൂറന്‍സ് പരിധിക്ക് പുറത്തു വരുന്ന തുക ജീവനക്കാരന്‍ / പെന്‍ഷണര്‍ വഹിക്കണം. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ മാതാപിതാക്കളുടെ മെഡിക്കല്‍ പരിരക്ഷ ഇല്ലാതാകുമെങ്കിലും അടവാക്കേണ്ട പ്രീമിയത്തില്‍ ഇളവനുവദിക്കപ്പെടാത്ത സാഹചര്യമാണുള്ളത്.

ജീവനക്കാരില്‍ നിന്നും പെന്‍ഷണര്‍മാരില്‍ നിന്നും ഇന്‍ഷൂറന്‍സ് പ്രീമിയം തുക പിരിച്ചെടുത്ത് കമ്പനിക്ക് കൈമാറുന്ന ഇന്‍ഷൂറന്‍സ് ഏജന്റിന്റെ പദവിയാണ് നിലവിലെ ഉത്തരവുകള്‍ പ്രകാരം മെഡിസെപ്പ് പദ്ധതിയില്‍ സര്‍ക്കാരിനുള്ളത്.

മെഡിസെപ്പിലെ അപാകതകള്‍ പരിഹരിച്ച് ജീവനക്കാര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു.

ടി.ഷജില്‍, ഏ.ആര്‍.ജിതേന്ദ്രന്‍, എന്‍.പ്രീജിത്ത്, ഷിജിന്‍ മാണിയത്ത്, നീഭാകുമാരി, ഡേവിജോണ്‍, കുര്യന്‍ മാത്യു, സി.വി.പ്രശോഭ് എന്നിവര്‍ സംസാരിച്ചു.