പാര്‍ട്ടിമതി, ഗ്രൂപ്പ് വേണ്ട-മുസ്ലിംലീഗിലെ അള്ളാംകുളം വിഭാഗത്തില്‍ പിളര്‍പ്പ്-ഗാന്ധിസിദ്ദിക്ക് പരസ്യമായി രംഗത്ത്-
അന്തര്‍ധാര സജീവമാണെന്നും ഗാന്ധി സിദ്ദിക്ക്
കരിമ്പം.കെ.പി.രാജീവന്
തളിപ്പറമ്പ്: പാര്‍ട്ടി മതി ഗ്രൂപ്പ് വേണ്ടെന്ന നിലപാടിലേക്ക് ഗാന്ധി സിദ്ദിക്കും കൂട്ടരും, മുസ്ലിം ലീഗിലെ അള്ളാംകുളം
വിഭാഗത്തില്‍ പിളര്‍പ്പ്.

ഇത് സംബന്ധിച്ച് നേരത്തെ സമാന്തര വിഭാഗത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച പി.എ.സിദ്ദിക്ക്(ഗാന്ധി) സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് പ്രവര്‍ത്തകര്‍ക്കിടയില്‍ വൈറലായി.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ—–
തളിപ്പറമ്പ് മുസ്ലിംലീഗില്‍ കുറേ കാലമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയം പര്യവസാനത്തിലേക്ക്.
പാര്‍ട്ടിക്കകത്തുള്ള ഗ്രൂപ്പിന്റെ അതിപ്രസരം കൊണ്ട് ലീഗ് വിരോധികളും സി പി എം പോലെയുള്ള ബാഹ്യ ശക്തികളും നമ്മുടെ പ്രസ്ഥാനത്തെ കടന്ന് ആക്രമിക്കുകയാണ്.
പൂര്‍വികരായ ലീഗിന്റെ നേതാക്കള്‍ ഈ സമുദായത്തിന്റെ പുരോഗമനത്തിന് വേണ്ടി നമ്മള്‍ക്ക് സമര്‍പ്പിച്ചു പോയ പല സ്ഥാപനങ്ങള്‍ക്ക് നേരെയും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും അവരെയൊക്കെ കള്ളന്മാരും കൊള്ളക്കാരുമായി ചിത്രീകരിച്ചും നമ്മുടെ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
ഈ സന്ദര്‍ഭത്തില്‍ തളിപ്പറമ്പിലെ ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനും സ്വന്തം മനസ്സിനോട് തന്നെ ചോദിക്കാന്‍ തുടങ്ങി ഇനിയും വേണോ ഈ ഗ്രൂപ്പും ഗ്രൂപ്പ് സമവാക്യങ്ങളും.
ഗ്രൂപ്പ് സമവാക്യത്തിന്റെ പ്രതിഫലനമായി അര്‍ഹതയില്ലാത്തവരാണ് പാര്‍ട്ടിയുടെ നേതാക്കളും ഭാരവാഹികളുമായി തീരുന്നത്.
ഈ വീതംവെപ്പ് രാഷ്ട്രീയം തളിപ്പറമ്പില്‍ വേണ്ട അടിത്തട്ടുകളില്‍ നിന്നും പ്രവര്‍ത്തകര്‍ വളര്‍ന്ന് വരട്ടേ കഴിവുള്ളവര്‍ പ്രസ്ഥാനത്തെ നയിക്കട്ടെ.
തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഓരോ മനസ്സോടെ ഈ മുദ്രവാക്യം ഏറ്റെടുത്തിരിക്കുകയാണ്.
പാര്‍ട്ടി മതി ഗ്രൂപ്പ് വേണ്ട വരും തലമുറകള്‍ക്ക് കൈമാറുവാന്‍ ഈ ഹരിത രാഷ്ട്രീയം തളിപ്പറമ്പില്‍ നിലനില്ക്കാന് നമുക്ക് കൈകോര്‍ക്കാം.
–—എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത പലരേയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന്റെ പേരില്‍ മാത്രം നേതാക്കളായി മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അള്ളാംകുളം വിഭാഗം സി.പി.എമ്മുമായി അന്തര്‍ധാര ഉണ്ടാക്കുകയാണെന്നും പി.എ.സിദ്ദിക്ക് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ 10 ന് തളിപ്പറമ്പ് യതീംഖാന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനിടെ മഹമ്മൂദ് പക്ഷത്തെ ചിലര്‍ ഗാന്ധി സിദ്ദീഖിനെ മര്‍ദ്ദിച്ചിരുന്നു.
നേതൃത്വത്തെ സ്വാധീനിച്ച് ഗ്രൂപ്പ് വീതം വെപ്പ് നടത്തി മഹമൂദ് പക്ഷം അനര്‍ഹരെ തിരുകി കയറ്റി പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ സി.പി.എമ്മുമായുള്ള അന്തര്‍ധാര ഉണ്ടെന്നും പി.എ.സിദ്ദിക്ക് ആരോപിച്ചു.
