മൂത്തേടത്ത് എന്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ആര്‍ ഡി ഒ ഇ.പി.മേഴ്‌സി

തളിപ്പറമ്പ്: തളിപ്പറമ്പ മിനിസിവില്‍ സ്‌റ്റേഷനില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ സൗകര്യാര്‍ത്ഥം മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് തളിപ്പറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് വീല്‍ചെയര്‍ കൈമാറി.

ശാരീരിക പരിമിതികള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുക, ആവശ്യമായ പിന്തുണ സംവിധാനം ഒരുക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ആവിഷ്‌കരിച്ച PRABHA ( Persons with Disabilities Rehabilations and Basic Health Assistance ) എന്ന പദ്ധതി പ്രകാരമാണ് വീല്‍ചെയര്‍ കൈമാറിയത്.

മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും സേവനങ്ങള്‍ക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ ഇടയിലും ഇവര്‍ നേരിടുന്ന പ്രയാസങ്ങളെ പറ്റി സര്‍വ്വെ നടത്തുകയും ഇത് സംബസിച്ച് തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് നിവേദനം നല്കുകയും ചെയ്തിരുന്നു.

മിനി സിവില്‍ സ്‌റ്റേഷനില്‍ സേവനങ്ങള്‍ക്കായി എത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശുചിമുറികള്‍ സ്ഥാപിക്കുക, തളിപ്പറമ്പ് വില്ലേജ് ഓഫീസില്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തുക, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, പ്രത്യേക മാര്‍ഗ്ഗരേഖകള്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, വരാന്തകള്‍, ഓഫീസിനകത്തെ വഴികള്‍ ഇവ വീല്‍ചെയര്‍ സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ.പി.രജിതയില്‍ നിന്നും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി വീല്‍ചെയര്‍ ഏറ്റുവാങ്ങി.

സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മൂത്തേടത്ത് എന്‍ എസ് എസ് യൂണിറ്റ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഇ.പി.മേഴ്‌സി പറഞ്ഞു.

എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ റീത ഗോമസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌ന മോള്‍, പി.സി സാബു, ബിന്ദു ചെറുവാട്ടല്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.ദീപ നന്ദി പറഞ്ഞു.

വളണ്ടിയര്‍മാരായ പി.വി.അമല്‍രാജ്, സി. സാഗര സജീവ്, ടി.പി.ഗൗതം ഗോവിന്ദ്, കെ.പി.ആര്‍.പാര്‍വ്വതി, എ.എസ്.തീര്‍ത്ഥ, മീര ദിലീപ്, ഐ.സി. കാര്‍ത്തിക, സി.സനുഷ, അവിനാഷ് കാര്‍ത്തിക് , ജിഷ്‌ന മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.