തെരുവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ഭീഷണി-മനുഷ്യാവകാശ സംഘടന ഡി.വൈ.എസ്.പിക്കും ആര്‍.ഡിഒക്കും പരാതി നല്‍കി.

തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന ഒരു സംഘം വ്യാപാരികള്‍ക്കെതിരെ മനുഷ്യാവകാശ സംഘടന രംഗത്തിറങ്ങി.

ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ ഇത് സംബന്ധിച്ച് തളിപ്പറമ്പ് ഡി.വൈ.എസ്പിക്കും ആര്‍.ഡി ഒക്കും പരാതി നല്‍കി.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ദേശീയപാതക്ക് സമീപം റോഡരികില്‍ കച്ചവടം ചെയ്യുന്ന ഡെല്‍ഹി സ്വദേശിയെ ഒഴിപ്പിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് രവീന്ദ്രന്‍ പരാതി നല്‍കിയത്. ഇത് മനുഷ്യാവകാശത്തിന്റെയും ഫെഡറലിസത്തിന്റെയും
ലംഘനവുമാണെന്ന് പരാതിയില്‍ പറയുന്നു.

കേരളത്തില്‍ നിന്നുള്ള നിരവധിയാളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വഴിവാണിഭം നടത്തിവരുന്നുണ്ടെന്നും അവര്‍ക്ക് ഭീഷണിയായി മാറിയ ഈ പ്രവണതക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.