പ്രതികാര സിനിമകള്‍ക്ക് പൊളിച്ചെഴുത്തായ അടവുകള്‍-18 @ 48.
ആര്‍.എസ്.പ്രഭുവും സി.വി.ഹരിഹരനും മലയാളത്തിലെ പ്രമുഖരായ നിര്‍മ്മാതാക്കളാണ്.
മലയാളത്തിലെ നിരവധി എണ്ണം പറഞ്ഞ സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ശ്രീസബിത ഫിലിംസ്, സുഗുണാസ്‌ക്രീന്‍ എന്ന ബാനറില്‍ ഇവര്‍ സംയുക്തമായി നിര്‍മ്മിച്ച് 1978 ജൂണ്‍- 2 ന് റിലീസ് ചെയ്ത സിനിമയാണ് അടവുകള്‍-18.
വിജയാനന്ദ് സംവിധാനം ചെയ്ത സിനിമ ഇന്നേക്ക് 46 വര്‍ഷം മുമ്പാണ് റിലീസ് ചെയ്തത്.
ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിച്ച ഈ സിനിമ ബോക്‌സോഫീസില്‍ വലിയ വിജയം നേടി.
മിണ്ടാപ്പെണ്ണില്‍നിന്നു മിന്നലടിക്കാരിയാകുന്ന സീമ അടിച്ചുമിന്നിച്ച സിനിമയാണ് അടവുകള്‍-18.
നേര്യമംഗലത്തെ കാട്ടുകൊമ്പന്‍മാരെയും പുലിയെയും, വില്ലനെയും (ജയന്‍) രണ്ടാനമ്മയെയും (കനകദുര്‍ഗ) മാത്രമല്ല കാമുകനെയും (രവികുമാര്‍) സീമയുടെ രജനി കടത്തിവെട്ടുന്നു. കനകദുര്‍ഗയുടെ കുളിമുറി-കിടക്കറ മദാലസതയും സീമയുടെ തരളിത നീരാട്ടും പപ്പുവിന്റെ പൊട്ടന്‍കളിയും ചേര്‍ത്തൊരുക്കിയ ഈ ചിത്രത്തിന്റെ കലാശക്കൊട്ടില്‍ പൊടിപാറിക്കുന്ന സംഘട്ടനത്തില്‍ വില്ലനോടൊപ്പം കാണികളും തലകറങ്ങി വീഴുന്ന അവസ്ഥയാണ്.
ജയന്‍, രവികുമാര്‍, സീമ, ശങ്കരാടി, പപ്പു, കുഞ്ചന്‍, കനകദുര്‍ഗ്ഗ, പ്രതാപചന്ദ്രന്‍, വീരന്‍, പെരുന്താറ്റില്‍ ഗോപാലന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
നാടകകൃത്ത് മാനി മുഹമ്മദ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയുടെ ക്യാമറ-ആനന്ദക്കുട്ടന്‍, എഡിറ്റര്‍-വിജയാനന്ദ്. പരസ്യം-കുര്യന്‍ വര്‍ണശാല.
മലയാള സിനിമ അക്കാലത്ത് കണ്ട് പ്രതികാര സിനിമകളില്‍ ഒരു പൊളിച്ചെഴുത്തായിരുന്നു അടവുകള്‍ 18, സീമ സ്റ്റണ്ട് ചെയ്യുന്ന ആദ്യത്തെ സിനിമ. സുഗുണസ്‌ക്രീനാണ് വിതരണം ചെയ്തത്. ബിച്ചുതിരുമലയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എ.ടി.ഉമ്മര്‍.