ഉമ്മറിന്റെ സത്യാഗ്രഹസമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച തുടങ്ങി–ചര്‍ച്ച നടന്നത് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസില്‍.

 

തളിപ്പറമ്പ്: കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 31 ദിവസമായി വളക്കൈ മേനോന്‍മൊട്ടയിലെ ഉമ്മര്‍ മൈലാഞ്ചി നടത്തി വരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ശ്രമം തുടങ്ങി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗം വിളിച്ച് ചേര്‍ത്തത്.

ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ:കെ.കെ രത്‌നകുമാരി, വി.എ റഹീം, ഗ്രാമപഞ്ചായത്തംഗം മൂസാന്‍കുട്ടി തേര്‍ളായി, കോണ്‍ട്രാക്ടര്‍ ഉമ്മര്‍ മൈലാഞ്ചി, ജുമാ അത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി, സെക്രട്ടെറി പി.പി.ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഉമ്മറിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ നിര്‍മ്മാണം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായാണ് വിവരം.

ചെറിയപെരുന്നാള്‍ കഴിഞ്ഞ ശേഷം ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വീണ്ടും യോഗം ചേരും.

വളക്കൈ മാപ്പിള എ.എല്‍.പി സ്‌ക്കൂളിന്റെ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ലെന്നും വീട് ജപ്തി ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുകയാണെന്നും ആരോപിച്ചാണ് സമരം.

40 ലക്ഷം രൂപ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് ലഭിക്കാനുണ്ടെന്നും ഇതിന് 10 ലക്ഷം രൂപ കമ്മീഷന്‍ വേണമെന്ന് സ്‌ക്കൂള്‍ മാനമേജര്‍ ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ പണം നല്‍കുന്നില്ലെന്നുമാണ് ഉമ്മര്‍ മൈലാഞ്ചിയുംടെ പരാതി.

ഇദ്ദേഹത്തോടൊപ്പം വയോധികരായ മാതാപിതാക്കളും മകനും സഹോദരനുമാണ് സത്യാഗ്രഹം നടത്തുന്നത്.

സി.പി.എം ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മറിനെ സത്യാഗ്രഹപന്തലില്‍ സന്ദര്‍ശിച്ചിരുന്നു.