ബംഗാള്‍ സ്വദേശിക്ക് പരിയാരം പള്ളിയില്‍ അന്ത്യവിശ്രമം-വഴി തെളിയിച്ചത് നജ്മുദ്ദീന്‍ പിലാത്തറ.
കരിമ്പം.കെ.പി.രാജീവന്‍.
പിലാത്തറ: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്ക് പരിയാരം സെന്റ് സേവിയേഴ്‌സ് പള്ളിയില്‍ അന്ത്യവിശ്രമം. സൗത്ത് ദിനാജ്പൂര്‍ ജില്ലയില്‍ സയാദ്പൂര്‍ സ്വദേശിയായ സൈമണ്‍ ഷാരോണാണ് മസ്തിഷ്‌ക്കാഘാതം ബാധിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. സഹോദരന്‍ ദിബോ ഷാരോണ്‍ ജോലിചെയ്യുന്ന വിളയാങ്കോട്ടെ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ദേശീയപാത നിര്‍മ്മാണ ജോലിക്കാണ് നവംബര്‍ 5 ന് ഇദ്ദേഹം എത്തിയത്. 17 നാണ് മസ്തിഷ്‌ക്കാഘാതത്തെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 19 ന് മരണപ്പെടുകയും ചെയ്്തു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹോദരന്‍ ദിബോ ഷാരോണ്‍ കമ്പനി അധികൃതരോട് സഹായം തേടിയെങ്കിലും ജോലിയില്‍ ചേര്‍ന്നിട്ട് 12 ദിവസം മാത്രമായതിനാല്‍ അവര്‍ കയ്യൊഴിഞ്ഞു. ഈ സമയത്താണ് പരിയാരം സി.എച്ച്.സെന്റര്‍ കോ-ഓര്‍ഡിനേറ്ററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നജ്മുദ്ദീന്‍ പിലാത്തറ വിവരമറിയുന്നത്. മെഡിക്കല്‍ കോളേജില്‍ അടക്കാനുള്ള 14,000 രൂപ അടക്കാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയിലായിരുന്നു. നജ്മുദ്ദീന്‍ പരിയാരം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും പോലീസ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതരോട് പണമടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മൃതദേഹം വിട്ടുകിട്ടിയപ്പോള്‍
റോമന്‍ കാത്തലിക്ക് വിഭാഗത്തില്‍ പെടുന്ന സൈമണിന്റെ മൃതദേഹം ഇവിടെ സംസ്‌ക്കരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഒടുവില്‍ പയ്യാമ്പലത്ത് സംസ്‌ക്കരിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് സഹോദരന്‍ ദാബോ ഷാരോണ്‍ മതാചാരപ്രകാരം സംസ്‌ക്കരിക്കാന്‍ സഹായിക്കണമെന്ന് നജ്മുദ്ദീനോട് ആവശ്യപ്പെട്ടത്. അദ്ദേഹം സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍കരീം ചേലേരിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍കരീം കണ്ണൂര്‍ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ബിഷപ്പ് ഹൗസില്‍ നിന്നും ഫാ.ജോമോന്‍ ചെമ്പകശേരി നജ്മുദ്ദീനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ച ശേഷം മരിച്ച സൈമണ്‍ സാറോണിന്റെ ബംഗാളിലെ വിലാസം കൊല്‍ക്കയിലെ ബിഷപ്പ്ഹൗസില്‍ അറിയിക്കുകയും അവര്‍ അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ട് കണ്ണൂര്‍ ബിഷപ്പ് ഹൗസിലേക്ക് ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തു. തുടര്‍ന്ന് പരിയാരം ഏമ്പേറ്റിലെ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കംചെയ്യാന്‍ ബിഷപ്പ്ഹൗസില്‍ നിന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പള്ളി കമ്മറ്റി സെക്രട്ടെറി ഷാജി, ട്രഷറര്‍ അഗസ്റ്റിന്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി പള്ളിയില്‍ എത്തിക്കുകയും സംസ്‌ക്കാര കര്‍മ്മങ്ങള്‍ക്ക് ഫാ.ലോറന്‍സ് പനക്കല്‍, ഫാ.രാജു, ഫാ.ഷോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കുകയും ചെയ്തു. മൃതദേഹം സംസ്‌ക്കരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നജ്മുദ്ദീന്‍ പിലാത്തറയും അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. നിത്തായി ഷാരോണ്‍-ബഹായി മെരെം ദമ്പതികളുടെ മകനാണ് സൈമണ്‍ ഷാരോണ്‍. ഭാര്യ: നിലമ ബാങ്കര.