കൈ തല്ലിയൊടിച്ച അധ്യാപകന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ്പ്രകാരം കേസ്.
പരിയാരം: എട്ടാംക്ലാസുകാരിയെ അടിച്ച് കയ്യൊടിച്ച അധ്യാപകനെതിരെ പരിയാരം പോലീസ് ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു.
പാച്ചേനി ഗവ.ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കൊയിലേരിയന്‍ മുരളിയുടെ പേരിലാണ് കേസെടുത്തത്.
തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ്(13) അധ്യാപകന്‍ റൂള്‍വടികൊണ്ട് മര്‍ദ്ദിച്ചത്.
കൈ നീരുവെച്ച് വീര്‍ത്ത് കുട്ടി കരഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഉച്ചക്ക് ഒന്നരമണിയോടെയാണ് സ്‌ക്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്.
ഉടന്‍ തന്നെ സ്‌ക്കൂളിലെത്തിയ രക്ഷിതാക്കള്‍ സുഹൈലയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.
കൈയുടെ എല്ല് പൊട്ടി നീരുവെച്ചതിനാല്‍ പ്ലാസ്റ്ററിട്ടിരിക്കയാണ്.
നോട്സ് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ ക്ലാസിലെ മറ്റ് ചില കുട്ടികളെയും അടിച്ചിരുന്നു.
പരിക്കേറ്റ കുട്ടിയെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്യാതിരുന്ന സ്‌ക്കൂള്‍ അധികൃതരുടെ സമീപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ യൂത്ത്‌ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌ക്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.