തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസിന്റെ പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. അബ്ദുള്‍ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, എ.വി സജിന്‍, എം.വി ശ്യാം രാജ്, പി.പി റെനില്‍ കൃഷ്ണന്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. നിത്യ എന്നിവര്‍ അടങ്ങിയ സംഘമാണ് ഏറെ നേരത്തെ അന്വേഷണത്തിനോടുവില്‍ പരിയാരത്ത് കുണ്ടപ്പാറ എന്ന സ്ഥലത്ത് വെച്ച് ഷിബിന്‍ റോയിയെ പിടികൂടിയത്.

24 ഗ്രാം കഞ്ചാവും ഇയാളുടെ കൈവശത്ത് നിന്ന് എക്‌സെസ് കണ്ടെടുത്തു. ഇയാള്‍ മുമ്പും സമാന കേസില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ചിലെ പ്രതിയാണ്.

നാഷണല്‍ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തികളില്‍ പിക്കപ്പ് വാനുമായി പോകുന്ന പ്രതി അതിന്റെ ഇടയില്‍ തന്നെയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.

ഷിബിന്‍ വില്പനക്കായി കൈയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്.

പ്രതിയില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതും പ്രതിയെ കഞ്ചാവ് വില്പനയ്ക്കായി പാക്ക് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ചാക്കോ എന്നയാളെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.