വിളവെടുപ്പു തുടങ്ങി, വില ഉറപ്പില്ലാതെ കര്‍ഷകര്‍-ഫെനി ഉല്‍പ്പാദനം കടലാസിലൊതുങ്ങി.

 

കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വിളവ്കുറവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ദുരിതക്കയത്തിലാക്കിയ മലയോര കര്‍ഷകന് അല്‍പം പ്രതീക്ഷ നല്‍കി കൊണ്ട് പുതിയ കശുവണ്ടി സീസണ്‍ ആരംഭിച്ചു.

സംസ്ഥാനത്തു തന്നെ ഏറ്റവും ഗുണമേന്മയുള്ളതും ഏറ്റവും കൂടുതലും കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കശുവണ്ടി വിളവെടുപ്പു തുടങ്ങി.

എന്നാല്‍ കശുവണ്ടി വിപണിയില്‍ വിലനിലവാരത്തില്‍ നാളിതു വരെ വ്യക്തത ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്.

ആയിരക്കണക്കിനേക്കര്‍ കശുമാവ് കൃഷി ചെയ്തിരുന്ന മലയോര മേഖലയില്‍ റബ്ബറിന്റെ വില ഉയര്‍ന്നപ്പോള്‍ കശുമാവ് കൂട്ടത്തോടെ മുറിച്ചു നീക്കി റബ്ബര്‍ കൃഷി ചെയ്തിരുന്നു..

എന്നാല്‍ റബ്ബറിന്റെ വിലത്തകര്‍ച്ച കര്‍ഷകന്റെ പ്രതീക്ഷകളെ താളം തെറ്റിച്ചു.

അവശേഷിക്കുന്ന ചുരുക്കം കശുമാവ് കര്‍ഷകരാവട്ടെ, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവിലുണ്ടായ ഇടിവും വിലത്തകര്‍ച്ചയും കാരണം നിരാശരാണ്.

ഇടക്കിടെ പെയ്യുന്ന മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കശുവണ്ടി ഉല്‍പാദനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സീസണ്‍ ആദ്യം കിലോക്ക് 130 രൂപ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് ആഴ്ചകള്‍ക്കുള്ളില്‍ 80 രൂപയിലേക്ക് കൂപ്പുകുത്തി.

വ്യാപാരികളും ഇടനിലക്കാര്യം ഒത്തുകളിച്ച് വില കുറക്കുകയാണ് പതിവ്. സഹകരണ സംഘം മുഖേന കശുവണ്ടി സംഭരിക്കണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങള്‍ പഴക്കമുണ്ട്.

കരുമാങ്ങയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യമായ ഫെനി ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്കു അനുമതി നല്‍കാനുള്ള നടപടികള്‍ നാളിതു വരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ആയിരക്കണക്കിനു ക്വിന്റല്‍ കശുമാങ്ങ ഉപയോഗ്യശൂന്യമായി നശിച്ചു പോവുമ്പോഴും ഉപ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചു കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല.

കൃഷിവിജ്ഞാന കേന്ദ്രങ്ങളും കാഷ്യൂ ബോര്‍ഡ് പോലെയുള്ള സ്ഥാപനങ്ങളും ഉദ്യോഗസ്ഥരെ തീറ്റിപോറ്റാനുള്ള വെള്ളാനകള്‍ മാത്രമാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം.