ദേശീയപാതയോരത്തെ കിണറും പമ്പ്ഹൗസും പൊളിച്ചുതുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും ആശുപത്രി സമുച്ചയത്തിലും തുടക്കം മുതല്‍ ജലവിതരണം നടത്തി വരുന്ന ഏമ്പേറ്റ് ദേശീയ പാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ച് മൂടാന്‍ തുടങ്ങി.

ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അക്വയര്‍ ചെയ്ത സ്ഥലത്തുള്ള ഈ യൂനിറ്റ് പൊളിച്ചത്.

പരിയാരത്ത് കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളേജ് സമുച്ചയത്തിലാകെ അടുത്ത കാലം വരെ ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്തിരുന്നു.

അറുപത് വര്‍ഷം മുമ്പെ പരിയാരം ടി.ബി.സാനിട്ടോറിയം ആസ്പത്രിയിലേക്ക് ജലവിതരണത്തിന് നിര്‍മ്മിച്ചതാണ് ഈ കിണറും പമ്പ് ഹൗസും.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും ആസ്പത്രി സമുച്ചയത്തിലേക്കും ഈ ജലസ്രോതസില്‍ നിന്നുള്ള വെള്ളം സ്ഥിരമായി എത്തിക്കുകയായിരുന്നു.

ഈപമ്പിംഗ് യൂനിറ്റ് നീക്കം ചെയ്യുന്നതിനുള്ള നഷ്ടപരിഹാരം ദേശീയ പാത അതോറിറ്റി സര്‍ക്കാറിന് നേരത്തെ കൈമാറിയിരുന്നു.

അമേരിക്കന്‍ നിര്‍മ്മിതമായ മൈയേര്‍സ് ഇലക്ട്രിക്ക് പമ്പാണ് ഇവിടെ ഉപയോഗിച്ചിരുന്നത്.

ഏതാണ്ട് 60 വര്‍ഷത്തെ പഴക്കമുള്ള ഈ പമ്പ് അധികം അറ്റകുറ്റപ്പണികളൊന്നും കൂടാതെ 20 മണിക്കൂറോളം തൂടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാറുണ്ട്.

പുതിയ കിണറും പമ്പ്ഹൗസും നിര്‍മ്മിക്കാനുള്ള യാതൊരു നീക്കവും ഇതേവരെ ആരംഭിക്കാത്തതിനാല്‍ മെഡിക്കല്‍ കോളേജിലും അനുബന്ധസ്ഥാപനങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.