ചെറുതല്ല ചെറുതാഴത്തോണം-ഓണം വിപണനമേളയും കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ജില്ലാതല ഉദ്ഘാടനവും 7 ന് പിലാത്തറയില്‍.
പിലാത്തറ: ചെറുതല്ല ചെറുതാഴത്തോണം എന്ന ടാഗ്‌ലൈനുമായി ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഓണം വിപണനമേള ഏഴിന് പിലാത്തറയില്‍ ആരംഭിക്കുമെന്ന് ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ. കെ.പ്രമോദ് ബാങ്ക് മുഖ്യകാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിലാത്തറ ദേശീയപാതയോരത്തുള്ള അഗ്രിമാര്‍ട്ടില്‍ നടക്കുന്ന വിപണന മേള 14 വരെ നീണ്ടുനില്‍ക്കും.
ഇതോടൊപ്പം കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനവും ചെറുതാഴത്ത് നടക്കും.
കര്‍ഷകര്‍ക്ക് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സൗകര്യവും കൈത്തറി, ഖാദി വസ്ത്രങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഗ്രാമീണ മേഖലയിലെ ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് തന്നെ വാങ്ങുന്നതിന് സൗകര്യമൊരുക്കുകയുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ചെറുതാഴം കുരുമുളക് കമ്പനിയുടെയും, ചെറുതാഴം മില്‍ക്കിന്റെയും ഉല്‍പ്പന്നങ്ങളും വിപണന മേളയില്‍ ലഭ്യമാകും.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തയില്‍ പ്രതിദിനം 75 പേര്‍ക്കായിരിക്കും ഓണക്കിറ്റ് നല്‍കുക.
മേള ഏഴിന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
സഹകരണ ജോ.രജിസ്ട്രാര്‍ വി.രാമകൃഷ്ണന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും.
കണ്‍സ്യൂമര്‍ഫെഡ് ഡയരക്ടര്‍ കെ.പി.പ്രമോദന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിക്കും.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍
എ.വി.രവീന്ദ്രന്‍, എം.കെ.സൈബുന്നീസ, പി.വി.ഉമേഷ്, ആര്‍.പ്രദീപ്കുമാര്‍, കെ.പത്മനാഭന്‍, വി.വിനോദ് എന്നിവര്‍ പ്രസംഗിക്കും.
ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.പ്രമോദ് സ്വാഗതവും സെക്രട്ടെറി ഇ.പി.അനില്‍ നന്ദിയും പറയും.
രാവിലെ 9 മുതല്‍ രാത്രി എട്ടുവരെയാണ് സ്റ്റാളുകള്‍ പ്രവൃത്തിക്കുക.
വാര്‍ത്താ സമ്മേളനത്തില്‍ എം.വി.ബാലകൃഷ്ണന്‍, കെ.കെ.നാരായണന്‍, ഇ.പി .അനില്‍, ഇ.വസന്ത, എം.വി.സന്തോഷ് എന്നിവരും പങ്കെടുത്തു.