യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: യുവാവിനെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍ തായിനേരി വായനശാലക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ കാട്ടൂര്‍ മുഹമ്മദ് നൗഫലിനെ (27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മാതാവിന്റെ അമ്മയോടൊപ്പമായിരുന്നു നൗഫല്‍ താമസിച്ചിരുന്നത്.

ഇന്നലെ രാത്രി പത്തിന് വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.

കൂടുതല്‍ സമയം ഉറങ്ങുന്ന ശീലമുള്ള നൗഫല്‍ ഉച്ചയായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാര്‍ക്ക് മനസിലായത്.

കിടപ്പുമുറിയിലെ കട്ടിലില്‍ ഉറങ്ങുന്ന നിലയിലായിരുന്നു ഇയാള്‍.

വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍: ഇസ്മായില്‍, സൗദ (പോലീസ്), സക്കീന (റജിസ്ട്രാര്‍  ഓഫീസ്‌ പയ്യന്നൂര്‍ ), സുഹറ.