അടുക്കളയില്‍ തീപിടുത്തം-ഒരു ലക്ഷത്തിലേറെ നഷ്ടം-

തളിപ്പറമ്പ്: തീപിടുത്തത്തില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു.

കാക്കാഞ്ചാലിലെ ശബ്‌നു വില്ലയില്‍ മുഹമ്മദ്കുഞ്ഞിയുടെ വീടിനാണ് തീപിടിച്ചത്.

തളിപ്പറമ്പിലെ ഒളിമ്പിക്‌സ് ട്രാവല്‍സ് ഉടമയാണ്. ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടുത്തം.

അബ്ദുറഹ്മാന്‍ വീടിന് പുറത്തുപോയ സമയത്ത് വീട്ടില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. അജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേന പറഞ്ഞു.

അടുക്കളയിലെ എല്ലാ ഉപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ഏകദേശം ഒരുലക്ഷം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

തീപിടിച്ച സ്ഥലത്ത് രണ്ട് പാചകഗ്യാസ് സിലിണ്ടറുകള്‍ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് നീക്കം ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തീപിടുത്തമുണ്ടായ വീട്ടിലേക്ക് വന്ന അഗ്നിശമനസേനാ വാഹനത്തിന് വൈദ്യുതി ലൈനുകള്‍ താഴ്ന്നുകിടക്കുന്നത് കാരണം സ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു.

ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ്മാത്യു, ഫയര്‍മേന്‍മാരായ ദിലീഷ്, ഷിജോ, രാജീവന്‍, ചന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ് സ്ഥലത്തെത്തിയിരുന്നു.