തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കണം: മുസ്ലിം യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിനുമായി അടിയന്തരമായി തളിപ്പറമ്പ താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി കേന്ദ്രം (Rehabilitation Centre) സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി ടി.കെ.ഗോവിന്ദന്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.

പ്രദേശത്ത് ലഹരി മാഫിയകളുടെ പ്രവര്‍ത്തനം യുവാക്കള്‍ക്കിടയില്‍ വലിയ വിപത്താണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ലഹരിയുടെ പിടിയിലായ നിരവധിയാളുകള്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാതെ വലയുന്ന സാഹചര്യമാണുള്ളത്.

ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലഹരി വിമുക്ത കേന്ദ്രം തളിപ്പറമ്പില്‍ ആരംഭിക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യം.

ഏറ്റവും മികച്ച രീതിയില്‍ പെട്ടെന്ന് തന്നെ ഒരുക്കാന്‍ സാധിക്കുക തളിപ്പറമ്പ താലൂക്ക് ആശുപത്രിയിലാണ്.

വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട്, ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി.

മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫ്, ജനറല്‍ സെക്രട്ടറി പിഎ.ഇര്‍ഫാന്‍, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുപ്പം, കെഎസ് ഉമ്മര്‍, ഫിയാസ് അള്ളാംകുളം, സഫീര്‍ കണ്ണങ്കീല്‍, സികെ.മദനി, സിപി.നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് എം.എല്‍.എയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.