തളിപ്പറമ്പിന് അതിവേഗ റെയില്‍ സ്റ്റേഷന്‍ വേണം; നഗരസേന രൂപീകരണവും പ്രത്യേക കൗണ്‍സില്‍ അജണ്ടയില്‍

തളിപ്പറമ്പ്: അതിവേഗ റെയില്‍ പദ്ധതി തളിപ്പറമ്പിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നു. .

നഗരം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയായി നഗരസേന രൂപികരണവും 12 ന് ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളിലാണ് യോഗം ചേരുക.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട് വരെ നിര്‍ദിഷ്ടമായ അതിവേഗ റെയില്‍ പദ്ധതിയുടെ അവസാന സ്റ്റേഷന്‍ തളിപ്പറമ്പിലേക്ക് നീട്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് പ്രമേയം സമര്‍പ്പിക്കുന്നതിനായി യോഗത്തില്‍ പ്രത്യേക അജണ്ട പരിഗണിക്കും.

തളിപ്പറമ്പിന്റെ ഭാവി വികസനത്തിനും വടക്കന്‍ കേരളത്തിന്റെ ഗതാഗത മേഖലയിലെ വളര്‍ച്ചയ്ക്കും നിര്‍ണായകമായ ഈ വിഷയത്തില്‍ നഗരസഭയുടെ ഔദ്യോഗിക നിലപാട് രൂപീകരിക്കുന്നതിനായാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

അതോടൊപ്പം നഗരത്തിലെ അനധികൃത കച്ചവടങ്ങള്‍, കയ്യേറ്റങ്ങള്‍, അനധികൃത നിര്‍മ്മാണങ്ങള്‍ എന്നിവ തടയുക, പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുക, ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുക, നഗരശുചിത്വം ഉറപ്പാക്കുക, റോഡുകളുടെ ഇരുവശങ്ങളിലും ഹരിതപരിപാലനം നടപ്പാക്കുക,

ലഹരി ഉള്‍പ്പെടെയുള്ള അസാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൊതുസ്ഥലങ്ങളില്‍ ആവശ്യമായ സഹായം ലഭ്യമാക്കുക, കച്ചവട ലൈസന്‍സ്,

കെട്ടിട പെര്‍മിറ്റ്, കെട്ടിട നമ്പര്‍, വിവിധ നികുതികള്‍ എന്നിവ സംബന്ധിച്ച നിയമാനുസൃത നടപടികള്‍ പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും നഗരസേന എന്ന പേരില്‍ സ്ഥിരം വോളണ്ടിയര്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും കൗണ്‍സില്‍ പരിഗണിക്കും.

നഗരവികസനത്തിനും ജനസേവനത്തിനും പ്രാധാന്യം നല്‍കുന്നഅജണ്ടകളാണ് കൗണ്‍സില്‍ ചര്‍ച്ചചെയ്യുന്നത്