ഇനി താലൂക്ക് ഓഫീസ് വളപ്പില്‍ വിറക് ഇറക്കില്ലെന്ന് ഇന്ത്യന്‍ കോഫി ഹൗസ് അധികൃതര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ ഇനി വിറക് ഇറക്കില്ലെന്ന് ഇന്ത്യന്‍ കോഫി ഹൗസ് അധികൃതര്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മുമ്പാകെ രേഖാമൂലം അറിയിച്ചു.
കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ ആഗസ്റ്റ് മാസത്തില്‍ നടന്ന വികസന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് തഹസില്‍ദാര്‍ കോഫി ഹൗസിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ഇനി താലൂക്ക് ഓഫീസ് വളപ്പില്‍ വിറക് ഇറക്കില്ലെന്ന് അറിയിച്ചത്.
ചില ജീവനക്കാരുടെ ഒത്താശയോടെയാണ് രാത്രിയിലും ഒഴിവുദിനങ്ങളിലും ലോറികളില്‍ ഇവിടെ വിറക് ഇറക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
മന്ന ആലക്കോട് റോഡിലെ അനധികൃത ഗുഡ്‌സ് ഓട്ടോ പാര്‍ക്കിങ്ങിന് പരിഹാരം കാണാന്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റിയോട് നിര്‍ദ്ദേശിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദേശീയപാതയോരത്ത് റോട്ടറി ജംഗ്ഷനില്‍ ഒരു സ്വകാര്യ സ്ഥാപനം ദേശീയപാതയില്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന വിഷയത്തില്‍ എ.വി.രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു.