കസേര തര്‍ക്കത്തില്‍ പ്രപ്പോസല്‍ അയച്ചില്ല-വിരമിച്ചവര്‍ക്ക് എട്ട്മാസമായിട്ടും പെന്‍ഷനില്ല.

തളിപ്പറമ്പ്: കസേര തര്‍ക്കത്തില്‍ തളിപ്പറമ്പ നോര്‍ത്ത് എ ഇ ഒ ആപ്പീസില്‍ ഒഴിഞ്ഞു കിടക്കുന്ന എ ഇ ഒ തസ്തിക മാസങ്ങള്‍ പിന്നിട്ടിട്ടും നികത്തിയില്ല.

ഇതിന്റെ ഫലമായി പലരുടെയും പെന്‍ഷന്‍ പ്രൊപ്പോസലുകള്‍ അക്കൗണ്ടന്റ് ജനറലിന്റെ ആപ്പീസിലെത്താതെ പെന്‍ഷന്‍ കിട്ടാന്‍ വൈകുകയാണെന്ന് കെ.എസ്.എസ്.പി.എ ഭാരവാഹികള്‍ പരാതിപ്പെട്ടു.

തസ്തിക നികത്തി കിട്ടുന്നതിന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) നിരവധി തവണ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.

നിയമനം നടത്തേണ്ടത് വിദ്യാഭ്യാസ ഡയരക്ടറാണെങ്കിലും ആവശ്യം ഉന്നയിക്കേണ്ടത് ജില്ലാ മേധാവിയാണ്.

തലോറ എ എല്‍ പി.സ്‌കൂളില്‍.നിന്നു 2022 ഏപ്രില്‍ 30 നും അക്കിപ്പറമ്പ് യു പി സ്‌കൂളില്‍ നിന്നു മെയ് 31 നും വിരമിച്ച രണ്ട് അധ്യാപകര്‍ക്കാണ് എട്ട് മാസം പിന്നിട്ടിട്ടും തളിപ്പറമ്പ നോര്‍ത്ത് എ. ഇ.ഒ ഓഫീസില്‍ നിന്ന് പ്രൊപ്പോസല്‍ അയക്കാത്തതിനാല്‍ പെന്‍ഷന്‍ കിട്ടാന്‍ വൈകുന്നത്.

എ ഇ ഒ ഓഫീസില്‍ നിന്ന് നേരിട്ട് അക്കൗണ്ടന്റ് ജനറലിന്നാണ് പ്രൊപ്പോസല്‍ പോകേണ്ടത്. തൊട്ടടുത്ത സീനിയര്‍ സൂപ്രണ്ടിന് എ ഇ ഒ വിന്റെ അധിക ചുമതല നല്‍കാത്തതിനാല്‍ ആപ്പീസില്‍ ഫയല്‍ നീക്കങ്ങള്‍ തടസ്സപ്പെട്ടിരിക്കയാണ്.

അത് കൊണ്ട് തന്നെ പെന്‍ഷന്‍ പ്രൊപ്പോസല്‍ ഉള്‍പ്പടെ നിരവധി ഫയലുകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്.

എ.ഇ ഒ വി നെ നിയമിച്ചോ പകരം അടുത്ത ഉദ്യോഗസ്ഥനായ സീനിയര്‍ സൂപ്രണ്ടിന് അധിക ചുമതല നല്‍കിയോ കെട്ടിക്കിടക്കുന്ന ഫയല്‍ നീക്കത്തിന്ന് തിരുമാനമാകണമെന്ന് ജില്ലാ ഭാരവാഹികളായ

കെ.രാമകൃഷ്ണന്‍, എ. ശശിധരന്‍, ബ്ലോക്ക് ഭാരവാഹികളായ പി. സുഖദേവന്‍, പി.ടി.പി മുസ്തഫ എന്നിവര്‍ ആവശ്യപ്പെട്ടു.