തളിപ്പറമ്പ് നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: കെ.എസ്.എസ്.പി.എ
തളിപ്പറമ്പ്: കോണ്‍ഗ്രസ് പോഷക ഘടകമായ കെ.എസ്.എസ്.പി.എയുടെ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ യു.ഡി.എഫ് നഗരസഭ അധികൃതര്‍ നഗരം കയ്യടക്കിയ സി.പി.എം സമ്മേളനത്തിന്റെ കൊടിതോരണങ്ങളും ബോര്‍ഡുകളും വലിച്ചെറിയാത്തതെന്തേയെന്ന് വ്യക്തമാക്കണമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി.
2022 ല്‍ രണ്ട് ദിവസത്തെ ജില്ലാ സമ്മേളനത്തിന്ന് മുമ്പ് ഗതാഗത തടസ്സമില്ലാതെ കെട്ടി സമ്മേളനം തീരുന്ന വൈകുന്നേരം തന്നെ മാറ്റുമെന്ന് പറഞ്ഞ് അനുമതിയെടുത്ത് കെട്ടിയ കൊടിതോരണങ്ങളാണ് ഗതാഗത തടസ്സം പറഞ്ഞ് നഗരസഭ മാലിന്യവണ്ടിയില്‍ പറിച്ചെറിഞ്ഞ് അപമാനിച്ചത്. യു.ഡി.എഫ് നഗരസഭയില്‍ നിന്ന് നേരിട്ട ഈ ദുരനുഭവം മറക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തില്‍ സി.പി.എം സമ്മേളനത്തിന് സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും നഗരസഭക്കു ഗതാഗത തടസ്സമല്ലാതായിരിക്കുകയാണോയെന്ന് വ്യക്തമാക്കണം. കെ.എസ്.എസ്.പി.എ കൊടിതോരണങ്ങള്‍ നീക്കുമ്പോള്‍ നഗരസഭയോടൊപ്പം ചേര്‍ന്നു നിന്ന പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം വ്യക്തമാക്കി.
കെ.എസ്.എസ്.പി.എക്ക് നിയമവിരുദ്ധവും സി.പി.എമ്മിന് നിയ വിധേയവുമാക്കിയ നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
കെ.വി പ്രേമരാജന്‍, പി. സുഖദേവന്‍, പി.കൃഷ്ണന്‍, ഇ.വിജയന്‍, യു.നാരായണന്‍, പി.ജെ മാത്യു, കെ.മധു, പി.എം മാത്യു, കുഞ്ഞമ്മ തോമസ്, എം.കെ കാഞ്ചനകുമാരി, ആര്‍.കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.