മലയാറ്റൂരിന്റെ തുടക്കവും എം.ഒ ജോസഫിന്റെ ഒടുക്കവും
കരിമ്പം.കെ.പി.രാജീവന്‍.
പ്രശസ്ത നോവലിസ്റ്റും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം സിനിമാ സംവിധാന രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചു.
നേരത്തെ 1968 ല്‍ ലക്ഷപ്രഭു എന്ന പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.
68 ല്‍ തന്നെ യക്ഷി എന്ന നോവലും 72 ല്‍ പി.എന്‍.മോനോന്റെ ചെമ്പരത്തിയും 1973 ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ചായം, ഗായത്രി, 1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചമി,
തോപ്പില്‍ ഭാസി സംവിധാനം ചെയ്ത പൊന്നി, ഹരിഹരന്റെ ശരപഞ്ചരം, 1982 ല്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത കല്‍ക്കി എന്നിവയ്ക്ക് കഥകളും തിരക്കഥകളും രചിച്ചിരുന്നു.
1981 ല്‍ പൂര്‍ണ സാഹിത്യ രചനക്ക് വേണ്ടി അദ്ദേഹം ഐ.എ.എസില്‍ നിന്ന് രാജിവെച്ചു.
പ്രശസ്ത നിര്‍മ്മാതാവ് എം.ഒ ജോസഫ് അദ്ദേഹത്തിന്റെ മഞ്ഞിലാസ് എന്ന ബാനറിന് വേണ്ടി മലയാറ്റൂരിന്റെ ആദ്യത്തെ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തു.
മലയാറ്റൂരിന്റെ യക്ഷി, പൊന്നി എന്നീ സിനിമകള്‍ നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.
ചുരുങ്ങിയ ചെലവില്‍ ചെറിയ സിനിമകള്‍ മാത്രം നിര്‍മ്മിച്ചിരുന്ന മഞ്ഞിലാസിന്റെ സിനിമാസ്‌കോപ്പ് ചിത്രമായിരുന്നു മലയാറ്റൂരിന്റേത്.
മലയാറ്റൂര്‍ 1980 ല്‍ എഴുതിയ തുടക്കം ഒടുക്കം എന്ന നോവലാണ് അദ്ദേഹം സംവിധാനം ചെയ്യാനായി തിരക്കഥയും സംഭാഷണവും എഴുതി തയ്യറാക്കിയത്.
മലയാറ്റൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ വലിയ പ്രചാരമാണ് സിനിമക്ക് ലഭിച്ചത്.
രതീഷ്, രാജ്കുമാര്‍, കെ.പി.ഉമ്മര്‍, കലാരഞ്ജിനി, നന്ദിതാബോസ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. വയനാട്ടിലും കോട്ടയത്തുമായിരുന്നു ഷൂട്ടിംഗ്.
പി.ഭാസ്‌ക്കരന്‍ എഴുതിയ രണ്ട് മലയാളം ഗാനങ്ങളും പുലമൈപിത്തന്‍ എഴുതിയ ഒരു തമിഴ്ഗാനവും ഇതിലുണ്ടായിരുന്നു.
വിപിന്‍ദാസാണ് കാമറാമാന്‍. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്യൂണിസ്റ്റുകാരന്‍ കൂടിയായ മലയാറ്റൂരിന് ഒരു വീണ്ടുവിചാരമുണ്ടായത്.
അടുത്ത ചില സുഹൃത്തുക്കള്‍ സിനിമയുടെ പേര് തുടക്കം ഒടുക്കം എന്നത് മാറ്റണമെന്നാവശ്യപ്പെട്ടു. തുടക്കം തന്നെ ഒടുക്കമായി മാറി അറം പറ്റിപ്പോകാതിരിക്കാന്‍ പേര് മാറ്റണമെന്ന നിര്‍ദ്ദേശം മലയാറ്റൂരിന് അംഗീകരിക്കേണ്ടി വന്നു.
അങ്ങിനെയാണ് പേര് ഒടുക്കം തുടക്കം എന്ന് മാറ്റിയത്. 1982 മാര്‍ച്ച്-12 നാണ് സിനിമ റിലീസായത്.
പക്ഷെ, പേര് മാറ്റിയതുകൊണ്ട് സിനിമ രക്ഷപ്പെട്ടില്ല. മലയാറ്റൂരിന്റെ ആദ്യത്തെ സംവിധാനം തന്നെ തകര്‍ന്നു തരിപ്പണമായി.
സിനിമ എന്ന നിലയില്‍ എനിക്ക് മറക്കാനാവാത്ത ഒരു ദൃശ്യാനുഭവം തന്നെയായി അനുഭവപ്പെട്ടിരുന്നു.
പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗമൊക്കെ അതീവ ഭംഗിയായി തന്നെ മലയാറ്റൂര്‍ ഒരുക്കിയിരുന്നു.
ആദ്യത്തെ സംവിധാനശ്രമം പൊളിഞ്ഞതോടെ മലയാറ്റൂരും എം.ഒ ജോസഫും സിനിമാരംഗം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് വന്നുചേര്‍ന്നത്.
മലയാറ്റൂരിന്റെ തുടക്കം ഒടുക്കമായപ്പോള്‍ എം.ഒ ജോസഫിന് അത് ഒടുക്കത്തിന്റെ തുടക്കമായി മാറി.