മേഘയുടെ വൃത്തികേടുകള്‍ പഞ്ചായത്ത് പ്രസിഡന്റിനും പൊറുതിമുട്ടി-ഓഫീസ് ഉപരോധിച്ചു.
പിലാത്തറ: ദേശീയപാതാ വികസന പ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫിസ് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേര്‍ന്ന് ഉപരോധിച്ചു.
പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ താമസിക്കുന്ന കുളപ്പുറം ഒറന്നിടത്തുചാലിലെ ക്യാമ്പ് കെട്ടിടത്തില്‍ ശുചീകരണം നടത്താതു മൂലം നാട്ടുകാര്‍ അനുഭവിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ വൈകുന്നേരം നാലോടെ ഉപരോധം നടന്നത്.
നൂറുകണക്കിന് തൊഴിലാളികളെ വേണ്ടത്ര സൗകര്യമൊരുക്കാതെയാണ് താമസിച്ച് വരുന്നതെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു.
ഇക്കാര്യം എം.എല്‍.എ.അടക്കമുള്ളവര്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.
താലൂക്ക്-വില്ലേജ് തല അദാലത്തിലടക്കം ഈ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മാലിന്യങ്ങളാല്‍ കൊതുക് നിറഞ്ഞും പക്ഷിമൃഗാദികള്‍ കൊത്തിവലിച്ചും ഇത് ജനവാസത്തെ ബാധിക്കുന്നുവെന്നാണ് പരാതി.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, വൈസ് പ്രസിഡന്റ് പി.പി. രോഹിണി, ബ്ലോക്ക് പഞ്ചായത്തംഗം എ.വി.രവീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ടി.വി.ഉണ്ണിക്കൃഷ്ണന്‍, പി.പി.അംബുജാക്ഷന്‍, ടി വി.കമല എന്നിവരാണ് കുത്തിയിരുന്ന് ഓഫീസ് പ്രതിരോധിച്ചത്.
മേഘ കണ്‍സ്ട്രക്ഷന്‍സ് എം.ഡി. അടക്കമുള്ളവര്‍ എത്തിയ ശേഷം ചര്‍ച്ച നടത്തി ഒരാഴ്ച്ചക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.