കഴക്കൂട്ടത്തെ 13 കാരിയെ തേടി പോലീസ് കന്യാകുമാരിയില്‍.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസം തമിഴ്നാട്ടിലേക്ക് പോയതായി സൂചന. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു.

പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ യാത്രക്കാരിയാണ് പൊലീസിനെ അറിയിച്ചത്. യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബബിതയാണ് പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തത്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് ബബിത പറയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്.

ഇന്നലെ രാവിലെ 10 മണിക്കാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്നാണ് ബാംഗ്ലൂര്‍ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് വിവരം. പാറശാല വരെ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നതായി യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത യാത്രക്കാരി അറിയിച്ചു.
കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു. യാത്രക്കാരിയില്‍ നിന്നും ലഭിച്ച ചിത്രം കുട്ടിയുടെ വീട്ടുകാരെ കാണിച്ചാണ്, കാണാതായ തസ്മിത്ത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം ഡിസിപി കന്യാകുമാരി എസ്പിയുമായി സംസാരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.