കാണാതായ സൈനികനെ അപകടപ്പെടുത്താന്‍ ശ്രമം, ഒരാള്‍ പിടിയില്‍.
പരിയാരം: കാണാതായ സൈനികനെ അപകടപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും കര്‍ണ്ണാടക പോലീസ് രക്ഷപ്പെടുത്തി, ഒരാള്‍ അറസ്റ്റില്‍.
ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായത്.
സഹോദരന്‍ സി.അബ്ദുള്‍ റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു.
അന്ന് രാത്രി 8.05ന് ജോലിസ്ഥലമായ ഗോല്‍ക്കൊണ്ടയിലേക്ക് പോകുന്നതിനായി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ട മുഹമ്മദ് മുസമ്മില്‍ ജോലിസ്ഥലത്ത് എത്തിയില്ലെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്.
ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.
ഹൈദരാബാദിലെ മിലിട്ടറി ക്യാമ്പില്‍ നിന്നും ഗോല്‍ക്കൊണ്ടയിലേക്ക് വരാനായി ബംഗളൂരുവിലെ മടിവാളയില്‍ ബസിറങ്ങി സ്വകാര്യ ബൈക്ക് ടാക്സിയില്‍ പോയ മുസമ്മിലിനെ കൊള്ളയടിക്കാനായി തടഞ്ഞുവെക്കുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തില്‍ കര്‍ണ്ണാടക പോലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്.
മുസമ്മില്‍ കഴിഞ്ഞ ദിവസം മിലിട്ടറി ക്യാമ്പില്‍ ചുമതലയേറ്റു.
മുസമ്മിലിന്റെ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് മുസ്ലിംലീഗ് കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ കര്‍ണ്ണാടക നിയമസഭാസ്പീക്കര്‍ യു.ടി.ഖാദര്‍, കെ.സുധാകരന്‍ എം.പി. ബംഗളൂരു കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നു.
ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ മടിവാളയില്‍ ബസിറങ്ങിയ മുസമ്മില്‍ ഒരു സ്വകാര്യ ബൈക്ക് ടാക്സിക്കാരന്റെ പിറകില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തെ തുടര്‍ന്നാണ് മുസമ്മിലിനെ കണ്ടെത്തിയത്.