സി.ഐ.ടി.യു നേതാവിനെ മര്‍ദ്ദിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍-
പരിയാരം: സി.ഐ.ടിയു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ മുസ്ലിംലീഗ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി.
കോരന്‍പീടികയിലെ പുതിയ വീട്ടില്‍ പി.വി.റിവാജിനെയാണ്(36) ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തളിപ്പറമ്പ് മാര്‍ക്കറ്റ് പരിസരത്തുവെച്ച് പിടികൂടിയത്.
പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റിവാജിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റിവാജെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
സി.പി.എം പുനിയങ്കോട് ബ്രാഞ്ച് സെക്രട്ടറി പി.എം.രഞ്ജിത്തിനെമെസഞ്ചറില്‍ സ്ത്രീയാണെന്ന വ്യാജേന വിളിച്ചുവരുത്തി ബൈക്കിലെത്തിയ റിവാജിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു.
ഈ ഫോണ്‍ ഉപയോഗിച്ച് രഞ്ജിത്തിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ അവമതിപ്പുണ്ടാക്കുന്ന വിവരങ്ങള്‍
പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മാതമംഗലത്തെ ചുമട്ടുതൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പരിയാരം പഞ്ചായത്തഗം മുസ്ലിം ലീഗ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.വി.അബ്ദുള്‍ഷുക്കൂറിന് മര്‍ദ്ദനമേറ്റ സംഭവത്തിന് പ്രതികാരമായിട്ടാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
ഈ കേസിലെ മറ്റൊരു പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ജാമ്യം ലഭിക്കാത്ത റിവാജ് പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ റിവാജിനെ റിമാന്‍ഡ് ചെയ്തു.