ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചു, പരാതിയുമായി യൂത്ത് ലീഗ് നേതാവ് നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: ഗവ.താലൂക്ക് ഹെഡ് ക്വാര്‍ട്ടേര്‍സ് ആശുപത്രി ഡയാലിസിസ് സെന്ററിലെ ഒരു ഡയാലിസിസ് മെഷീന്‍ തകരാറിലായിട്ട് മാസങ്ങളായിട്ടും റിപ്പേര്‍ ചെയ്യുന്നില്ലെന്ന് ആക്ഷേപം.

മലയോരമേഖല ഉള്‍പ്പടെ വളരെയധികം വിസ്തൃതി ഉള്ള തളിപ്പറമ്പ് താലൂക്കിലെ നിരവധി വൃക്കരോഗികള്‍ ആശ്രയിക്കുന്ന ഒരു കേന്ദ്രമാണ് ഈ ഡയാലിസിസ് സെന്റര്‍.

വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന ഈ സാഹചര്യത്തില്‍ ഡയാലിസിസിനായി അപേക്ഷ നല്‍കി രണ്ടോ മൂന്നോ വര്‍ഷം കാത്തിരുന്നതിനു ശേഷമാണ് അപേക്ഷ പരിഗണിക്കുവാന്‍ പോലും കഴിയുന്നതും രോഗികള്‍ക്ക് ഡയാലിസിസ് തുടങ്ങുവാന്‍ സാധിക്കുന്നതും.

എന്നാല്‍ നിരവധി മാസം കാത്തിരുന്നതിന് ശേഷം 4 മാസങ്ങള്‍ക്ക് മുമ്പെ പരിഗണിച്ച് ഡയാലിസിന് ഒരുങ്ങാന്‍ വിളിച്ച് പറഞ്ഞ വൃക്ക രോഗികളോട് പോലും മെഷീന്‍ തകരാറിന്റെ സാങ്കേതികത്വവും സ്റ്റാഫിന്റെ അപര്യാപ്തതയും പറഞ്ഞ് വീണ്ടും വീണ്ടും കാത്തിരിക്കുവാന്‍ പറയുകമാണ്.

ഗവ.തലത്തില്‍ ഡയാലിസിസ് മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ ഏല്‍പ്പിച്ചത് സൈറിക്‌സ് എന്ന കമ്പനിയെ ആണ്.
തകരാറിലായ ഡയാലിസിസ് മെഷീനുകളുടെ തകരാറ് പരിഹരിച്ച് അടിയന്തിരമായി പ്രവര്‍ത്തന യോഗ്യമാക്കണമെന്നും അതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും,

വൃക്ക രോഗികള്‍ കൂടിവരുന്ന ഈ കാലത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കൂടുതല്‍ ഡയാലിസിസ് മെഷീനുകളും ആവശ്യത്തിന് സ്റ്റാഫിനെയും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഡിസ്ട്രിക്ക് മെഡിക്കല്‍ ഓഫീസര്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. ഈ ആവശ്യവുമായി ജില്ലാ കലക്ടര്‍, ആരോഗ്യമന്ത്രി എന്നിവരെ കൂടി സമീപിക്കുമെന്നും നൗഷാദ് പുതുക്കണ്ടം അറിയിച്ചു.