പാംകോസ് മെഡിക്കല്‍ കോളേജ് കാമ്പസ് കയ്യടക്കുന്നതായി ആരോപണം ശക്തം.

പരിയാരം: ഭരണത്തിന്റെ തണലില്‍ പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പാംകോസ്) കാമ്പസിനകത്ത് നടത്തുന്നത് പച്ചയായ കയ്യേറ്റമെന്ന ആരോപണം ശക്തമാകുന്നു.

നേഴ്‌സിംഗ് കോളേജിന് മുന്നിലും ഹോസ്പിറ്റലിന് അകത്തും മോര്‍ച്ചറിക്ക് സമീപവും ഹോസ്പിറ്റലില്‍ നിന്നും അക്കാദമിയിലേക്ക് പോകുന്ന വഴിയിലും ഹൃദയാലയിലും അതോടൊപ്പം മൂന്നാം നിലയിലും ഉള്‍പ്പെടെ ആറിടങ്ങളിലായി പാംകോസ് വിവിധങ്ങളായ കച്ചവടം നടത്തുന്നുണ്ട്.

അതിന് പുറമെയാണ് ഇപ്പോള്‍ ചാച്ചാജി വാര്‍ഡ് കയ്യേറി സഹകരണ ബാങ്കിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതെന്നാണ് ആരോപണം.

ഒരു ബാങ്ക് എന്നതിലുപരി നിരവധി പദ്ധതികളുടെ രഹസ്യ അജണ്ടകള്‍ പാംകോസ് ഉദ്ദേശിക്കുന്നതായാണ് പ്രതിപക്ഷ യൂണിയനുകള്‍ ആരോപിക്കുന്നത്.

പഴയകെട്ടിടത്തിന്റെ മൂല്യനിര്‍ണയം പോലും പൂര്‍ത്തിയാക്കാതെ നടത്തിയത്  നഗ്നമായ നിയമലംഘനമാണെന്ന വിമര്‍ശനം വ്യാപകമാണ്.

കെ.കരുണാകരനും എം.വി.രാഘവനും കെ.സുധാകരനും മെഡിക്കല്‍ കോളേജ് തറവാട്ട് സ്വത്താക്കുകയാണെന്നാരോപിച്ച് സമരം ചെയ്തവര്‍ ഭരിക്കുമ്പോള്‍ എച്ച്.ഡി.എസ്. ചെയര്‍മാനായ കലക്ടറെപ്പോലും നോക്കുകുത്തിയാക്കി അനധികൃത കൈയ്യേറ്റങ്ങളും അന്യായമായ പിടിച്ചെടുക്കലും

നടത്തുന്നതിനെതിരെ സമഗ്രമായ അന്വേഷണം നടത്തുവാനും കുറ്റക്കാര്‍ക്കെതിരെയും ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.