ലീഗുകാര്‍ക്ക് ലാഭംമാത്രം മതി, നഗരഭരണം എങ്ങിനെയായാലും പ്രശ്‌നമില്ലെന്ന് -ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: നഗരഭരണം എന്തായാലും തങ്ങള്‍ക്ക് ലാഭം ലാഭം എന്ന ഒറ്റ ചിന്ത മാത്രമാണ് നഗരഭരണം നടത്തുന്ന ലീഗ്-കോണ്‍ഗ്രസ് കൂടുകെട്ടിന്റെ ലക്ഷ്യമെന്ന് സി.പി.എം  ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ് നഗരസഭയിലേക്ക് സി.പി.എം പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പുകാര്‍ പാവങ്ങളായതുകൊണ്ട് മാത്രമാണ് നഗരഭരണക്കാരെ തെരുവില്‍ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.

ലീഗുകാര്‍ക്ക് വൃത്തിവേണ്ടെന്നും പണം മാത്രം മതിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി കക്ഷികള്‍ ഒത്തുചേര്‍ന്നാണ് ഭരണം നടത്തുന്നതെന്നും, ചെയര്‍മാന്‍ ഒരുവിധ ഉത്തരവാദിത്വവും നിര്‍വ്വഹിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇത്തരത്തിലൊരു പ്രതിഷേധ മാര്‍ച്ച് നടത്താന്‍ പ്രേരിപ്പിക്കുന്നത് തന്നെ നഗരഭരണത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, മാസങ്ങളായി കത്താത്ത തെരുവ് വിളക്കുകള്‍ കത്തിക്കുക, കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിക്കുക, വായനശാലകള്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ തുക നല്‍കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, ജനോപകാരപ്രദമായ ബസ്റ്റാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

സൗത്ത് ലോക്കല്‍ സെക്രട്ടറി വി.ജയന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് പ്രസംഗിച്ചു. പുല്ലായിക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

കൗണ്‍സിലര്‍മാരായ കെ.എം.ലത്തീഫ്, സി.വി.ഗിരീശന്‍, ഒ.സുഭാഗ്യം, പി.വി.വാസന്തി, പി.ഗോപിനാഥന്‍, ഇ.കുഞ്ഞിരാമന്‍, വി.വിജയന്‍, ഡി.വനജ, എം.പി.സജീറ, പി.വല്‍സല, ടി.ടി.മാധവന്‍, ടി.വി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.