രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ല-പന്ന്യന്‍ രവീന്ദ്രന്‍
പിലാത്തറ: രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാധാരണക്കാരനൊപ്പം നില്‍ക്കാനും അവരിലൊരാളാകാനും ശ്രദ്ധിക്കണമെന്ന് സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടെറി പന്ന്യന്‍ രവീന്ദ്രന്‍.
പണച്ചാക്കുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ.ബി. ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.
കോര്‍പ്പറേറ്റുകളുടെ പണംകൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് വിനാശകരമാണ്.
പാര്‍ട്ടി കെട്ടിപ്പടുത്തത് ത്യാഗത്തിന്റെയും സത്യസന്ധതയുടെയും വഴികളാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ലെന്ന് നിരന്തരം ഓര്‍മ്മിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവാവുമായിരുന്ന വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെ ഇരുപത്തിയൊമ്പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ നശിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മുതുവടത്ത് ബാലകൃഷ്ണന്‍, മാധവന്‍ പുറച്ചേരി, താവം ബാലകൃഷ്ണന്‍, പി.വി.ബാബു രാജേന്ദ്രന്‍, പി.ലക്ഷ്മണന്‍, രേഷ്മ പരാഗന്‍ എന്നിവര്‍ പ്രസംഗിച്ചു.