പി.മുകുന്ദനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.പി.എമ്മില്‍ മുറുമുറുപ്പ് ഉയരുന്നു.

തളിപ്പറമ്പ്: പുതിയ സി.പി.എം ജില്ലാ കമ്മറ്റിയില്‍ നിന്നും ആന്തൂര്‍ നഗരസഭാ ചെയര്‍മാനും പ്രമുഖ നേതാവുമായ പി.മുകുന്ദനെ സി.പി.എം ഒഴിവാക്കിയത് അണികളെ ഞെട്ടിച്ചു.

64 വയസ് മാത്രമുള്ള മുകുന്ദനെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ച് തലപുകയുകയാണ് പാര്‍ട്ടിഗ്രാമമായ ആന്തൂരിലെ പ്രവര്‍ത്തകര്‍.

സി.പി.എമ്മിന്റെ ജനകീയമുഖങ്ങളിലിലൊന്നാണ് ആരോടും സൗമ്യമായി ഇടപെടുന്ന പി.മുകുന്ദന്‍.

ബാലാരിഷ്ടതകള്‍ ഏറെയുണ്ടായിരുന്ന ആന്തൂര്‍ നഗരസഭയെ കേരളത്തിലെ ഏറ്റവും മികച്ച നഗരസഭകളിലൊന്നായി മാറ്റിയെടുക്കാന്‍ പി.മുകുന്ദന്‍ വഹിച്ച പങ്ക് രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും സമ്മതിക്കുന്നതാണ്.

കണ്ണൂര്‍ ജില്ലയിലെ പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായ ആന്തൂരില്‍ എല്ലാവിഭാഗങ്ങളില്‍ പെട്ടവരുടെയും പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കുന്ന ജനകീയനേതാവിനെ എന്തിന് ഒഴിവാക്കി എന്ന അണികളുടെ ചോദ്യത്തിന് ഉത്തരമില്ല.

എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ സ്വാഭാവികമാണെന്നും പുതിയ ആളുകള്‍ കടന്നുവരട്ടെ എന്നുമാണ് മുകുന്ദന്റെ പ്രതികരണം.

മുകുന്ദന് പകരം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയ സി.എം.കൃഷ്ണന്‍ നിലവില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.

ബ്ലോക്ക്പഞ്ചായത്ത് ഓഫീസിന് സമീപത്തെ നാല് സെന്റ് സ്ഥലം മാത്രമുള്ള ഒരു കുടുംബത്തെ ബ്ലോക്ക് ഓഫീസിന്റെ മതില്‍ ഉയര്‍ത്തി കെട്ടി കാറ്റും വെളിച്ചവും നിഷേധിച്ച സംഭവത്തില്‍ കൃഷ്ണനെതിരെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ നല്‍കിയ പരാതി പരിഗണനയിലാണ്.

സി.എം.കൃഷ്ണനെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്.