രജനി രമാനന്ദ് ഉള്‍പ്പെടെ 64 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 64 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കേസ്.

തൃച്ചംബരത്തെ ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരം അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമിതി അംഗം രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍, കെ.രമേശന്‍, സി.സായൂജ്, സി.വി.വരുണ്‍, എസ്.ഇര്‍ഷാദ്, പ്രജീഷ് കൃഷ്ണന്‍, മധു, പ്രജിത്ത്, കെ.നബീസാബീവി, ആനന്ദ്കുമാര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കും എതിരെയാണ് കേസ്.

പോലീസ് സ്‌റ്റേഷന് മുന്നില്‍ നിയമവിരുദ്ധമായി സംഘടിച്ച് ക്രമസമാധാന ലംഘനം നടത്തുകയും, പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതിനാണ് കേസ്.

തിങ്കളാഴ്ച്ച രാത്രിയിലാണ് തൃച്ചംബരത്തെ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ അക്രമം നടക്കുന്നത്.

ഇത് നാലം തവണയാണ് ഈ ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച് നശിപ്പിക്കുന്നത്.