ബസ് ജീവനക്കാരുടെ കരുതലിൽ ഖദീജക്ക്  ജീവിതം തിരിച്ചുകിട്ടി

പരിയാരം: സ്വകാര്യബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ കോയിപ്ര സ്വദേശിനി എം.പി ഖദീജക്ക് തിരിച്ചുകിട്ടിയത് ജീവൻ. യാത്രക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയുമായി ഒരിടത്തും നിർത്താതെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തുകയായിരുന്നു ബസ്.

പെരുമ്പടവ്-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി ബസിലെ കണ്ടക്ടർ ഏര്യം സ്വദേശി വിനീഷിന്റെയും ഡ്രൈവർ പയ്യാവൂർ സ്വദേശി വിജീഷിന്റെയും കരുതലാണ് ഖദീജക്ക് തുണയായത്. ബസ് കടന്നപ്പള്ളി ചന്തപ്പുരയിലെത്തിയപ്പോഴാണ് സീറ്റിൽ ഒരു സ്ത്രീ കുഴഞ്ഞു വീഴുന്നത് കണ്ടക്ടർ വിനീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തിയതോടെ ബസ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് കുതിക്കുകയായിരുന്നു. തക്ക സമയത്ത് ബസ് ആശുപത്രിയിലെത്തിച്ചതുകൊണ്ടു മാത്രമാണ് ഇവരുടെ ജീവൻ രക്ഷിക്കാനായത്.

രാവിലെ ഏഴിന് ആദ്യ സർവീസ് ആരംഭിച്ച ബസിൽ വെള്ളോറ കോയിപ്ര സ്റ്റോപ്പിൽ വച്ചാണ് ഖദീജ കയറിയത്. നരിക്കാംവള്ളി, പിലാത്തറ വഴി ഒരു സ്റ്റോപ്പിലും നിർത്താതെയാണ് പരിയാരത്തേക്ക് ഓടിയത്. യാത്രക്കാരും ജീവനക്കാരോട് സഹകരിച്ചു.

പതിവായി കയറാറുള്ള യാത്രക്കാരെയും ഒഴിവാക്കിയാണ് ബസ് പരിയാരത്തെത്തിയത്. പിലാത്തറയിൽ നിന്നാണ് ദേശീയപാതയിലൂടെ സർവീസ് നടത്തേണ്ട ബസ് അഞ്ചു കിലോമീറ്ററോളം തളിപ്പറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചാണ് മെഡിക്കൽ കോളജിൽ എത്തിയത്.

ഖദീജയെ അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ച് സുരക്ഷിതമാക്കിയാണ് ജീവനക്കാർ ബസുമായി സർവീസ് പുനരാരംഭിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം ഉച്ചയോടെ ഖദീജ ആശുപത്രി വിട്ടു.