സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടല്‍ കടക്കുന്നു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടല്‍ കടക്കുന്നു.

പ്രത്യേക രുചിയും വിലക്കുറവും കൊണ്ട് ജനഹൃദയം കീഴടക്കിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വിഭവങ്ങള്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിതരണം തുടങ്ങി. ചപ്പാത്തി, ബിരിയാണി, ചില്ലി ചിക്കന്‍, ചിക്കന്‍ കബാബ്, ചിക്കന്‍ കറി, മുട്ടക്കറി, വെജിറ്റബിള്‍ കറി, ലഡു, നേന്ത്രക്കായ ചിപ്‌സ് തുടങ്ങിയവയാണ് പ്രധാന വിഭവങ്ങള്‍.

യാത്രക്കാര്‍ കഴിക്കുന്നതിനൊപ്പം ജയില്‍ രുചി കടല്‍ കടന്ന് പോകുന്നുവെന്നതും പ്രത്യേകതയാണ്.

എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ 1.30 വരെയാണ് വിമാനത്താവളത്തില്‍ ജയിലിന്റെ മൊബൈല്‍ കൗണ്ടര്‍ ഭക്ഷണവുമായെത്തുന്നത്.

അതിനുശേഷം വൈകീട്ട് ആറ് മണി വരെ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലും കൗണ്ടര്‍ പ്രവര്‍ത്തിക്കും.

ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയില്‍ അധികൃതര്‍ വിപണന ശൃംഖല വ്യാപിപ്പിക്കുന്നത്.

വിദേശ യാത്രക്കൊരുങ്ങുന്നവര്‍ ജയില്‍ ലഡുവും ചിപ്‌സും വാങ്ങിക്കൊണ്ടുപോകുന്നത് പതിവാണെന്നു വിമാനത്താവള അധികൃതര്‍ പറയുന്നു.

10 ചപ്പാത്തി 30 രൂപയ്ക്കും ചിക്കന്‍ ബിരിയാണി 70 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ഒരുകിലോ ലഡുവിന് 200 രൂപയാണ് ഈടാക്കുന്നത്.

അരക്കിലോ ചിപ്സിന് 165 രൂപയും 100 ഗ്രാം ചോക്ലേറ്റിന് 60 രൂപയുമാണ് വില. ചിക്കന്‍ കബാബിനും (150 ഗ്രാം) ചിക്കന്‍ ചില്ലിക്കും (200 ഗ്രാം) 80 രൂപയാണ്.

വെജിറ്റബിള്‍ ബിരിയാണിക്ക് 45 രൂപയാണ്.

200 ഗ്രാം ചിക്കന്‍ കറി 30 രൂപയ്ക്കും വില്‍ക്കുന്നു.

20 രൂപയ്ക്ക് മുട്ടക്കറിയും കിട്ടും.

സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരവും കുറഞ്ഞ വിലയും കൊണ്ട് വലിയ ജനപ്രീതി നേടിയവയാണെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണു പറഞ്ഞു.

തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പദ്ധതി പിന്തുണയാകുമെന്നാണ് ജയില്‍ വകുപ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, റെയില്‍വെ സ്റ്റേഷന്‍, പള്ളിക്കുന്ന് സെന്‍ട്രല്‍ ജയിലിന് മുന്‍ വശം എന്നിവടങ്ങളില്‍ ജയില്‍ വിഭവങ്ങള്‍ ലഭ്യമാണ്.