കോടികളുടെ തട്ടിപ്പ്-അബിനാസിന്റെ ഓഫീസില്‍ നിന്നും രഹസ്യരേഖകള്‍ കടത്തി-
തളിപ്പറമ്പ്: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി അബിനാസിന്റെ ഓഫീസില്‍ നിന്ന് രേഖകള്‍ കടത്തിയതായി സൂചന.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ സ്ഥാപനത്തില്‍ റെയിഡ് നടക്കുമെന്നതിനാല്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച രഹസ്യരേഖകള്‍ പോലീസിന് ലഭിക്കാതിരിക്കാനാണ് ഇത് മാറ്റിയതെന്നാണ് വിവരം.
കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മുഹമ്മദ് അബിനാസിനും സഹായിക്കുമെതിരെ ഇന്നലെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
മഴൂര്‍ കുന്നുംപുറത്ത് പുതിയ പുരയില്‍ കെ.പി.സുഹൈര്‍, ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പുളിമ്പറമ്പ് സുമയ്യ മന്‍സിലില്‍ എ.മദനിയുടെ(42) പരാതിയിലാണ് കേസ്.
ജൂലായ് 7 ന് പ്രതികള്‍ നടത്തിവന്ന ക്രിപ്‌റ്റോ കറന്‍സി സ്ഥാപനത്തില്‍ അമിത ആദായം കിട്ടുമെന്ന് ഇരുവരും തെറ്റിദ്ധരിപ്പിച്ച് 4 ലക്ഷം രൂപ നിക്ഷേപിച്ചെന്നും പണം തിരിച്ചുകിട്ടിയില്ലെന്നുമാണ് പരാതി.
തളിപ്പറമ്പ് മാര്‍ക്കറ്റിലെ മല്‍സ്യവ്യാപാരിയാണ് മദനി.
ജൂലായ് 27 നാണ് 100 കോടി രൂപ തട്ടിയെടുത്ത് അബിനാസ് മുങ്ങിയതായി പരാതി ഉയര്‍ന്നത്.
എന്നാല്‍ ആരും തന്നെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.
പോലീസിന്റെ പ്രാഥമികമായ അന്വേഷണത്തില്‍ തട്ടിപ്പ് 100 കോടി രൂപ ഇല്ലെന്നാണ് വിലയിരുത്തല്‍.
പണത്തിന്റെ ഉറവിടം കാണിക്കാന്‍ സാധിക്കാത്തതിനാലാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവരാതിരിക്കുന്നതെന്നാണ് സൂചന.
ഐ.പി.സി 406, 420 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതലാളുകള്‍ പരാതിയുമായി രംഗത്തുവരുമെന്നാണ് സൂചന.