പണിമുടക്ക് സിവില്‍ സര്‍വ്വീസിന്റെ നിലനില്‍പ്പിന് വേണ്ടി- കെ.കെ.രാജേഷ് ഖന്ന.
തളിപ്പറമ്പ്: ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചു പോരാടുന്നതിന് പകരം ഇടതുപക്ഷ സംഘടനകള്‍ മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് എഴുതിക്കൊണ്ടിരിക്കുകയാണെന്നും, വാഴ്ത്തു പാട്ടുകാരുടെ സ്ഥാനം സിവില്‍ സര്‍വ്വീസിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്നും എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന.
കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, 12-ാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ആശ്രിത നിയമനം അടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കരാര്‍-പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (സെറ്റോ) ആഭിമുഖ്യത്തില്‍ 2025 ജനുവരി 22 ന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന പ്രചരണ ജാഥക്ക് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെറ്റോ തളിപ്പറമ്പ് താലൂക്ക് ചെയര്‍മാന്‍ പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.
സെറ്റോ കണ്ണൂര്‍ ജില്ലാ ചെയര്‍മാര്‍ എന്‍.പി.ഷനീജ്, കണ്‍വീനര്‍ യു.കെ. ബാലചന്ദ്രന്‍, ട്രഷറര്‍ അനീസ് മുഹമ്മദ്, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സെറ്റോ താലൂക്ക് കണ്‍വീനര്‍ പി.വി. സജീവന്‍ മാസ്റ്റര്‍ സ്വാഗതവും വി.വി.ഷാജി നന്ദിയും പറഞ്ഞു.
എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി. അബ്ദുള്‍ റഷീദ്, കെ.പി എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി.മെസ്മര്‍, എ.പ്രേംജി, കെ.ജി.ഒ.യു ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു ചെറുവാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.