ശാന്തിക്കും മക്കള്‍ക്കും സ്‌നേഹ കൂടൊരുക്കി ശ്രീരാഘവപുരം സഭായോഗം
പരിയാരം: ആക്രി സാധനങ്ങള്‍ കച്ചവടം നടത്തി ഉപജീവനം നയിച്ചുവരുന്ന ആനന്ദനും ശാന്തിയും ആറു കുട്ടികളും അടങ്ങുന്ന നാടോടികുടുംബത്തിന് സ്‌നേഹ കൂടൊരുക്കി ശ്രീ രാഘവപുരം സഭായോഗം.
സ്വന്തം വീടെന്ന സ്വപ്നം ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ആ കുടുംബം തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണിന്ന്.
പരിയാരം ചുടലയില്‍ പണിതു നല്‍കിയ സ്‌നേഹഭവനത്തിന്റെ പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ചടങ്ങിന്റെ ഭാഗമായി ഗണപതിഹോമത്തിനും പൂജക്കും പാലുകാച്ചലിനും ശേഷം സമൃദ്ധിയുടെ പ്രതീകമായി വീട്ടുമുറ്റത്ത് കല്‍പവൃക്ഷമായ തെങ്ങിന്‍തൈ നട്ടു.
ആനന്ദന്‍-ശാന്തി ദമ്പതികള്‍ ദുര്‍ബല സാമൂഹികവിഭാഗത്തില്‍ പെട്ടവരാണ്. വളരെ മുന്നേ കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അടുത്ത കാലത്ത് പരിയാരം പഞ്ചായചത്തിന്റെ ഉള്‍ഗ്രാമത്തിലേക്കും ഇവര്‍ കുടിയേറി.
കൃഷ്ണന്‍, വിശ്വം, ശ്രീമോള്‍, ശ്രീജിത്ത്, ശ്രുതി, കീര്‍ത്തി എന്നീ ആറു കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
തങ്ങളുടെ ചെറിയ വരുമാനത്തിലൊതുങ്ങുന്ന വാടകവീട് കണ്ടെത്താന്‍ ഇവര്‍ നന്നേ ബുദ്ധിമുട്ടുമായിരുന്നു.
ലഭിക്കുന്ന വീടുകള്‍ തന്നെ പല കാരണങ്ങളാല്‍ വൈകാതെ ഒഴിയേണ്ടിയും വരുമായിരുന്നു.
ആനുകൂല്യങ്ങള്‍ക്കായി പല വാതിലുകള്‍ മുട്ടിയെങ്കിലും സര്‍ക്കാര്‍ സഹായമൊന്നും ഇവരെ തേടിയെത്തിയില്ല. എന്നാല്‍ തോറ്റു പിന്മാറുന്ന മനസ്സായിരുന്നില്ല ശാന്തിയുടേത്.
വര്‍ഷങ്ങള്‍ അദ്ധ്വാനിച്ച് സ്വരൂപിച്ചതും കടം വാങ്ങിയതുമായ തുക കൊണ്ട് പരിയാരം അമ്മാനപാറയിലെ ജനവാസം കുറഞ്ഞ കാട്ടുപ്രദേശത്ത് 3 സെന്റ് സ്ഥലം വിലക്ക് വാങ്ങിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
കെ. കെ. എന്‍. പരിയാരം സ്മാരക സ്‌കൂളില്‍ കിലോമീറ്ററുകള്‍ നടന്നുവന്ന് പഠിച്ചിരുന്ന കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കിയ അദ്ധ്യാപകര്‍ തങ്ങളാലാവുന്ന ചെറിയ സഹായങ്ങള്‍ ചെയ്യുമായിരുന്നു.
സ്‌കൂള്‍ അദ്ധ്യാപികമാരായ എം.ചൈത്ര, ടി.ടി.സോന എന്നിവരാണ് ഇവരുടെ പ്രശ്‌നങ്ങള്‍ സഭായോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
സ്വന്തമായി വാങ്ങിയ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കാന്‍ അവര്‍ ഒരുങ്ങിയതോടെയാണ് സഭായോഗം വീണ്ടും സഹായഹസ്തവുമായെത്തി.
എം.നാരായണന്‍ നമ്പൂതിരി, വി.ഐ.സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഒരു ഭവനനിര്‍മ്മാണ പ്രൊജക്റ്റ് കമ്മിറ്റി രൂപീകരിച്ചു.
വിദേശത്തു നിന്നും ധര്‍മ്മകാര്യങ്ങള്‍ക്ക് ഫണ്ട് സ്വീകരിക്കാനുള്ള എഫ്.സി.ആര്‍.എ. അനുമതിയുള്ള സഭായോഗം ആ വഴിക്കും ധനം സമാഹരിക്കാനുള്ള പരിശ്രമം ചെയ്തു.
യു.എസിലുള്ള എന്‍.ടി.സി.നാരായണന്‍ നമ്പൂതിരി ദൗത്യം ഏകോപിപ്പിച്ചു.
ഡെട്രോയിറ്റ് മലയാളി അസോസിയേഷനും മറ്റും സഹകരിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ കനത്ത മഴക്കു മുന്നേ ഒരു മുറി പണി തീര്‍ത്ത് കുട്ടികളെ നനയാതെ കാക്കുവാന്‍ സാധിച്ചു.
പിന്നീട് അവര്‍ക്കുളള യൂണിഫോം, ബാഗ്, കുട, പുസ്തകങ്ങള്‍ തുടങ്ങിയവ നല്‍കി. വയറിങ് ചെയ്ത് കറന്റ് കണക്ഷനും എടുത്തുനല്‍കി.
പ്രായമായ പെണ്‍കുട്ടികള്‍ ഉള്ളതിനാല്‍ പ്രത്യേകം മുറി അനിവാര്യമെന്ന് കണ്ട് മഴക്കാലത്തിന് ശേഷം ഒരു മുറിയും അടുക്കളയും ബാത്ത് റൂമും രണ്ടാംഘട്ടമായി കൂട്ടിച്ചേര്‍ത്തു.
ആകെ പ്രത്യേകശ്രദ്ധ ആവശ്യമായ ദുര്‍ബല സാമൂഹികവിഭാഗത്തില്‍ പെട്ടവരാണെങ്കിലും കുട്ടികളുടെ ജാതിസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഇനിയും ശരിയായി കിട്ടിയിട്ടില്ല.
ഗവണ്മെന്റില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടേണ്ടിയിരുന്ന സ്‌കോളര്‍ഷിപ്പ് പോലുള്ള പല സാമ്പത്തിക ആനുകൂല്യങ്ങളും കിട്ടുന്നില്ല.
ഇത്തരം തടസ്സങ്ങള്‍ നീക്കുകയാണ് സഭായോഗത്തിന്റെ അടുത്ത ദൗത്യം.
നാല് ലക്ഷം രൂപയാണ് ഈ ലളിതമായ വീടിന് ചെലവായത്. വീടിന്റെ താക്കോല്‍ദാനം സഭായോഗം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സഭായോഗം സമൂഹ സേവന വിഭാഗം ഡയരക്ടര്‍ വി.ജെ.പി.ശംഭു നമ്പൂതിരി നിര്‍വ്വഹിച്ചു.
മക്കളില്ലാത്ത പ്രായമായവരുടെ സംരക്ഷണത്തിന് ധര്‍മ്മാശ്രമം പദ്ധതി, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് പ്രചോദനി പ്രൊജക്റ്റ്, അവശരായ ക്ഷേത്രജീവനക്കാരുടെ ക്ഷേമത്തിനായി 30 ലക്ഷം രൂപയുടെ സഹായഹസ്തം പദ്ധതി എന്നിങ്ങനെ വിവിധ സാമൂഹികക്ഷേമപദ്ധതികള്‍ സഭായോഗം സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കി വരികയാണ്.