പെരിഞ്ചല്ലൂരില്‍ പാട്ടുമഴയായി പെയ്തിറങ്ങി സ്പൂര്‍ത്തിറാവു

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തി ഒമ്പതാം കച്ചേരിയില്‍ ദ്രുതതാളങ്ങളിലാറാടിച്ച് യുവ കര്‍ണാടക ഗായിക വിദുഷി സ്പൂര്‍ത്തി റാവു ഹൃദ്യമായ ഒരു അനുഭവമായി.

ലോക പ്രശസ്ത സംഗീതജ്ഞരായ രഞ്ജനി-ഗായത്രി സഹോദരികളുടെ ശിഷ്യയാണ്. ദ്രുതതാളങ്ങളില്‍ മിനുക്കിയെടുത്ത് സദസ്സില്‍ രാഗമഴ പൊഴിക്കുമ്പോള്‍ പുറത്ത് മന്ത്രസ്ഥായിയിലും താരസ്ഥായിയിലും ചിങ്ങമാസ മഴ ഭാവപൂര്‍ണ്ണമായി.

വിരിബോണി വര്‍ണത്തോടെ കച്ചേരി തുടങ്ങുമ്പോള്‍തന്നെ പെരുഞ്ചെല്ലൂരിലെ സംഗീതാസ്വാദകര്‍ക്കു കരുതിവെച്ചതെന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ സദസ്സ് കൂടെ താളമിട്ടു തുടങ്ങിയിരുന്നു.

വാതാപിയില്‍ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളിലെ മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തിയ ഹംസധ്വനി രാഗത്തിലെ വാതാപി ഗണപതിം ഭജേ…എന്ന കൃതി അലങ്കാരത്തികവാര്‍ന്നതെന്നതിനെക്കാള്‍ ചിട്ടപ്രധാനമായിരുന്നു.

ആഗമ സമ്പ്രദായ നിപുണയായ ദേവി ശ്രീ അഖിലാണ്ഡേശ്വരി എന്നെ സംരക്ഷിക്കൂ എന്ന അര്‍ത്ഥമുള്ള മുത്തുസ്വാമി ദീക്ഷിതര്‍ ദ്വിജാവന്തിരാഗത്തിന്റെ സമ്മോഹനത അനുഭവിപ്പിച്ച അഖിലാണ്ഡേശ്വരി രക്ഷമാം.

എന്ന കീര്‍ത്തനത്തിലെ സ്വരപ്രസ്താരം സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഷണ്മുഖപ്രിയ രാഗത്തിലെ ആദി താളത്തില്‍ ചിട്ടപ്പെടുത്തിയ പട്ടനാം സുബ്രമണ്യ അയ്യരുടെ മരിവേറെ ദിക്കെവരയ്യ രാമ എന്ന കീര്‍ത്തനം ഏറെ മനോരഞ്ജകമായി.

സാഹിത്യത്തിലെ സ്ഫുടതയും ഭാവാത്മകതയും തിളക്കംനല്‍കി. ഒറ്റയടിക്ക് ദുഃഖം നിറഞ്ഞ മനസ്സില്‍ ഒരു സചേതനമായ സ്വരമുയര്‍ത്തുകയും ഒരേസമയം ഒരു ആശ്വാസം നല്‍കുകയും

ചെയ്യുന്ന മുഖാരി രാഗത്തിലെ നീലകണ്ഠ ശിവന്‍ ചിട്ടപ്പെടുത്തിയ എന്റയിക്ക് ശിവ കൃപയ് വരുമോ എന്ന തമിഴ് കീര്‍ത്തനം ആലാപനത്തിലെ ആഴവും പരപ്പുംകൊണ്ട് ആസ്വാദകമനസ്സുകളെ വിസ്മയിപ്പിച്ചു.

ത്യാഗരാജ സ്വാമികളുടെ മാളവി രാഗത്തിലെ നേനറുഞ്ചി നനു അന്നിട്ടീക്കി, വാഗധീശ്വരി രാഗത്തിലെ പരമാത്മുഡു വെലിഗേ മുച്ചട എന്ന തെലുഗു കീര്‍ത്തനങ്ങള്‍ ഭാവസമ്പുഷ്ടവും പ്രസന്നവുമായ ആലാപനത്തിലൂടെ സദസ്സിനെ അലിയിച്ചെടുത്തു.

ആഹിര്‍ഭൈരവ് രാഗത്തിലെ ‘രഘുവര തുമകൊ മേരി ലാജ് ‘ എന്ന ഭജന്‍ കേള്‍വിക്ക് ശീതളാനുഭവം പകരുന്നതായിരുന്നു.
വയലിന്‍ മാസ്‌ട്രോ ലാല്‍ഗുഡി ജി.ജയരാമന്‍ ചിട്ടപ്പെടുത്തിയ മധുവന്തി രാഗത്തിലെ തില്ലാനയോടെയാണ് മൂന്ന് മണിക്കൂര്‍ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണത്.

കീര്‍ത്തനങ്ങളുടെ രാഗഭാവം ഒട്ടും ചോരാതെ വയലിനില്‍ വി.എസ്. ഗോകുല്‍ ആലങ്കോട്, മൃദംഗത്തില്‍ ബംഗളൂരിലെ കൗശിക് ശ്രീധര്‍, മുതിര്‍ന്ന മുഖര്‍ശംഖ് വിദ്വാന്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് എന്നിവരും പക്കമേളത്തില്‍ മികച്ചപിന്തുണയേകി.

ആത്മവിശ്വാസമാര്‍ന്ന നാദങ്ങളൊരുക്കിയ തനിയാവര്‍ത്തനം സദസ്സിന് ഹരംപകര്‍ന്നു. പി.എസ്. ശാന്തകുമാരി കലാകാരന്മാരെ ആദരിച്ചു. നവലയ ഗീതം സംഘടിപ്പിച്ച ഓള്‍ ഇന്ത്യ മത്സരത്തില്‍

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റര്‍ ആലാപ് വിനോദിനെ കല്യാണി സ്‌കൂള്‍ ഓഫ് കര്‍ണാടിക് മ്യൂസിക്കിലെ വിദുഷി ബിന്ദു സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. വിജയ് നീലകണ്ഠന്‍ കലാകാരന്മാരെ പരിചയപ്പെടുത്തി സംസാരിച്ചു.