കല്ലിങ്കീല്‍ ഹിജഡയെന്ന് സി.വി.ഗിരീശന്‍-വീട്ടില്‍പോയി പറയണമെന്ന് കല്ലിങ്കീല്‍-മോശപ്പെട്ട വാക്കുകള്‍ ആരും കൗണ്‍സിലില്‍ ഉപയോഗിക്കരുതെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി.

തളിപ്പറമ്പ്: വൈസ് ചെയർമാൻ ഹിജഡയെന്ന് പ്രതിപക്ഷ കൗൺസിലർ ആക്ഷേപിച്ചത് വിവാദമായി.

ഇന്ന് രാവിലെ  നടന്ന തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിലാണ് സംഭവം.

തകർന്നു കിടക്കുന്ന മാന്തം കുണ്ട് റോഡ് താൽക്കാലികമായി റിപ്പേർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ വിഷയത്തിൽ നഗരസഭാ വൈസ് ചെയർമാന് അഭിവാദ്യങ്ങളർപ്പിച്ച് സി.പി.ഐ.പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതാണ് പ്രതിപക്ഷത്തെ സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.

ഇക്കാര്യത്തിൽ ഇടപെടേണ്ടത്  തന്റെ  ഉത്തരവാദിത്വമാണെന്നും, പേരെടുക്കാൻ ഉദ്ദേശിച്ചല്ലെന്നും വൈസ് ചെയർമാൻ പറഞ്ഞു.

എന്നാൽ പ്രശ്നത്തിലിടപെട്ട് സംസാരിച്ച പ്രതിപക്ഷ കൗൺസിലർ സി.വി.ഗിരീശൻ ചർച്ചകൾക്കിടയിലാണ് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനെ ഹിജഡ എന്ന് അധിക്ഷേപിച്ചത്.

ഇതിനെതിരെ ശക്തമായി പ്രതികരിച്ച കല്ലിങ്കീൽ ഇത്തരം വാക്കുകൾ വീട്ടിൽ പോയി പറയണമെന്ന് തിരിച്ചടിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.കെ.ഷബിതയും പി.പി.മുഹമ്മദ് നിസാറും കല്ലിങ്കീലിനെ പിന്തുണച്ച് രംഗത്തുവന്നു.

ഹിജഡ എന്ന വാക്ക് പിൻവലിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

ഇതേച്ചൊല്ലി ഏറെ നേരം വാദകോലാഹലങ്ങൾ നടന്നു.

താൻ രാഷ്ട്രീയ ഹിജഡ എന്നാണ് പറഞ്ഞതെന്നും പിൻ വലിക്കില്ലെന്നും സി.വി.ഗിരീശൻ പറഞ്ഞു.

ഒടുവിൽ കൗൺസിലർമാർ മാന്യമായ ഭാഷ മാത്രമേ യോഗത്തിൽ ഉപയോഗിക്കാൻ പാടുള്ളൂവെന്നും, ഉത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമല്ലെങ്കിലും നിരന്തരമായി കല്ലിങ്കീലിനെ സി.പി.എം വേട്ടയാടിക്കൊണ്ടിരിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ പരാമര്‍ശങ്ങള്‍ ഉയര്‍ന്നു.

കേവലം 3 അജണ്ട മാത്രം ഉൾപ്പെടുത്തി നടന്ന കൗൺസിൽ യോഗത്തിൽ ഒരു മണിക്കൂറിലേറെ സമയവും ചർച്ച ചെയ്തത് ഈ പ്രശ്നം മാത്രമായിരുന്നു.

ഒ.സുഭാഗ്യം, കെ.വത്സരാജൻ, പി.വി.സുരേഷ്, എം.പി. സജീറ, കെ.എം.ലത്തീഫ് ,വി.വിജയൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.