ഒരുലക്ഷം തട്ടിയ മോഷ്ടാവ് പിടിയിലായി-കുടിയാന്‍മല പോലീസിന് ബിഗ് സല്യൂട്ട്.

ചെമ്പേരി: ചെമ്പേരി പൂപ്പറമ്പില്‍ കടയില്‍ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയി കുഴിക്കാട്ടിലാണ്(55) പിടിയിലായത്.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടുന്നത്.

കേരളത്തില്‍ പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ മോഷണമുള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്.

കുടിയാന്മല പോലീസിന്റെ കറതീര്‍ന്ന അന്വേഷണ മികവാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടി കൂടാന്‍ സഹായിച്ചത്.

കടകളിലെയും, വീടുകളിലെയും, ബസുകളിലെയും, ബസ്റ്റാന്‍ഡുകളിലെയും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെതെന്ന് സംശയിച്ച മൊബൈല്‍ നമ്പറിന്റെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് ആലത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്.

സംഭവദിവസം, സംഭവസമയത്ത് ഈ നമ്പര്‍ മോഷണം നടത്തിയ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് സൈബര്‍സെല്‍ മുഖേന കണ്ടെത്തിയിരുന്നു.

ജനുവരി 21 ന് ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മോഷണം നടക്കുന്നത്.

മോഷണം നടത്തി പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്നലെ 25 ന് ശനിയാഴ്ച്ചയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയതും പ്രതിയെ പിടി കൂടിയതും.

ദൃശ്യങ്ങള്‍പണവുമായി ഓടി രക്ഷപ്പെട്ട പ്രതി കാട്ടിനുള്ളിലൂടെ നടന്ന് ചെമ്പേരി – തളിപ്പറമ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പിലാക്കുന്നുമ്മല്‍ ബസില്‍ കയറിയാണ് രക്ഷപ്പെടുന്നത്.

ആലത്തൂര് നിന്നും പിടി കൂടിയ പ്രതിയെ രാവിലെ കുടിയാന്മല സ്റ്റേഷനില്‍ എത്തിച്ചു.

ഇന്ന് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.
കുടിയാന്മല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എല്‍.ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടുന്നത്.

എസ്.ഐ എന്‍. ചന്ദ്രന്‍, എ.എസ്.ഐമാരായ സിദ്ധിഖ്, സുജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.