സെക്യൂരിറ്റിക്കാരന്റെ മൊബൈലും കള്ളന്‍ എടുത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സുരക്ഷാ അരാജകത്വം.

പരിയാരം: മെഡിക്കല്‍ കോളേജില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു. വാര്‍ഡിലെ സുരക്ഷാ ജീവനക്കാരന്റെയും മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അടിച്ചുമാറ്റി.

ഇത് ഉള്‍പ്പെടെ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം.

ശനിയാഴ്ച്ച രാത്രി വരാന്തയില്‍ ഉറങ്ങിയവരുടെ ഒരു ഐ ഫോണ്‍ ഉള്‍പ്പെടെ 6 ഫോണുകളാണ് കാണാതായത്.

ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോണ്‍. കുപ്പം ചുടലയിലെ സി.വി.പ്രമോദും പരാതി നല്‍കിയിട്ടുണ്ട്.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മനോജും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മറ്റുള്ളവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

നിലവില്‍ ഏഴാംനിലയില്‍ സി.സി.ടി.വി കാമറകളില്ലാത്തത് മോഷ്ടാവിന് സൗകര്യമായി.

കിഫ്ബി അനുവദിച്ച 35 കോടിയുടെ നവീകരണ പദ്ധതി നടന്നുവരുന്നതില്‍ കൂടുതല്‍ സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച്ച രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്.

ഇതില്‍ ഐ ഫോണ്‍ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു.

നേരത്തെയും മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോണ്‍ മോഷണം പോയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി മോഷ്ടിച്ചവരെയും കാത്ത്‌ലാബ് തകര്‍ത്തവരെയും ഇതേവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

മോഷണം നടന്ന വരാന്തയില്‍ സി.സി.ടിവി ഇല്ലാത്തത് മോഷ്ടാവിന് സൗകര്യമായി.

നിരവധി സുരക്ഷാ ഡീവനക്കാരുള്ള മെഡിക്കല്‍ കോളേജിന്റെ ഏഴാം നിലയിലെത്തി ഇത്രയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവം രോഗികളെയും ജീവനക്കാരെയും ഞെട്ടിച്ചിട്ടുണ്ട്.

2022-നവംബര്‍-6.