വിനോദയാത്രയിലും ഓണ്‍ലൈന്‍ തട്ടിപ്പ്-ബക്കളം സ്വദേശിയുടെ 11.5 ലക്ഷം തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര കൊണ്ടുപോകാമെന്ന് വിസ്വസിപ്പിച്ച് 11,54,685 രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിനോദയാത്ര കമ്പനിഉള്‍പ്പെടെ 3 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കാനൂല്‍ നെല്ലയോട്ടെ എടയത്ത് വീട്ടില്‍ ഇ.വി.വിശ്വനാഥന്റെ(61) പരാതിയിലാണ് കേസ്.

പശ്ചിമബംഗാള്‍ 24 പര്‍ഗാനാസ് ജില്ലയിലെ മനോരമ അപ്പാര്‍ട്ട്‌മെന്റ് ഫ്‌ളാറ്റ് നമ്പര്‍ ഇ.ബി 1/1 ലെ സുര്‍ജിത്ത് ചക്രബോര്‍ത്തി, 24 പര്‍ഗാനാസ് ജില്ലയിലെ അഞ്ജനി കുമാര്‍, 24 പര്‍ഗാനാസ് ദേശബന്ധുനഗറില്‍ ഷിഷിര്‍പുരി അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ് ഹോളിഡെയ്‌സ് എന്നിവര്‍ക്കെതിരെയാണ് കേസ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിനോദയാത്ര പോകാന്‍ എല്ലാ സൗകര്യവും ഒരുക്കാമെന്ന് വിശ്വസിപ്പിച്ച് കൊല്‍ക്കത്തയിലെ സ്വദേശ് ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിന്റെ ബന്ധന്‍ ബാങ്കിലെ

അക്കൗണ്ടിലേക്ക് 2024 ജനുവരി 8 മുതല്‍ ഏപ്രില്‍ 22 വരെയുള്ള കാലയളവില്‍ വിശ്വനാഥന്റെയും ഭാര്യയുടെയും എസ്.ബി.ഐയിലെ അക്കൗണ്ടുകളില്‍ നിന്ന് പണം നിക്ഷേപിച്ചുവെങ്കിലും വിനോദയാത്ര സംഘടിപ്പിക്കാന്‍ തയ്യാറാവുകയോ പണം തിരികെ നല്‍കുകയോ ചെയതില്ലെന്നാണ് പരാതി.