കാഴ്ച്ചകാണാന്‍ നടപ്പാതയും കണ്ണാടിപ്പാലവും–വെള്ളിക്കീല്‍ ഇനി വേറെലെവല്‍
തളിപ്പറമ്പ്: വാക്കിംഗ് വേ ടൂറിസവും സാഹസികടൂറിസവും സംയോജിപ്പിച്ച് വടക്കേമലബാറിന്റെ ടൂറിസം ഹബ്ബാകാനൊരുങ്ങി വെള്ളിക്കീല്‍.
തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാനദ്ദേശിക്കുന്ന പ്രധാന വിനോദസഞ്ചാര പദ്ധതിപ്രദേശമായ വെള്ളിക്കീല്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഇന്ന് രാവിലെ സന്ദര്‍ശിച്ചു.
കുട്ടഞ്ചേരിയില്‍ നിന്ന് തുടങ്ങി വെള്ളിക്കീല്‍ പാര്‍ക്ക് വരെ നാലര കിലോമീറ്റര്‍ നീളത്തില്‍ മനോഹരമായ തീരദേശപാതയും സൈക്കിള്‍ പാത്തും നിര്‍മ്മിക്കാനാണ് പുതിയ പദ്ധതി.
സാഹസികടൂറിസത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനുള്ളില്‍ കണ്ണാടിപാലം സ്ഥാപിക്കുന്ന ടവറിന്റെയും പാതയുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും.
ഇത് പൂര്‍ത്തിയാവുന്നതോടെ മലബാറിന്റെ ടൂറിസം ഹബ്ബായി വെള്ളിക്കില്‍ മാറുമെന്ന് എം.എല്‍.എ പറഞ്ഞു.
ഇവിടെ കൂറ്റന്‍ ടവര്‍ പണിതുയര്‍ത്തിയാണ് കേരളത്തിലെ ഏറ്റവും വലിയ കണ്ണാടിപാലം സ്ഥാപിക്കുക.
പാലത്തില്‍ നിന്ന് നോക്കിയാല്‍ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും.
നാലര കിലോമീറ്റര്‍ വാക്കിംഗ് വേയില്‍ വഴിയോരങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കും. ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കും.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ചെറിയ ഹട്ടുകള്‍, പെഡല്‍ ബോട്ട് എന്നിവ നവീകരണപ്രവൃത്തിയുടെ ഡി.പി.ആറിലുണ്ട്. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ഫുഡ് കോര്‍ട്ടുകളും പാര്‍ക്കിലുണ്ടാകും.
വെള്ളിക്കീല്‍ പുഴയോരത്തു നിന്ന് നേരിട്ട് മീന്‍ പിടിച്ചു കൊണ്ട് അപ്പോള്‍ തന്നെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന രീതിയും നിലവില്‍ വരും.
വെള്ളിക്കീലില്‍ പ്രഭാതവും സായാഹ്നവും മനോഹരമായ കാഴ്ചയാണ്.
കഴിഞ്ഞ ബഡ്ജറ്റില്‍ എട്ടു കോടി രൂപയാണ് ഈ ടൂറിസം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ മാറ്റിവെച്ചത്.
വിനോദസഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങള്‍, ഊഞ്ഞാല്‍ എന്നിവ നേരത്തെ ഒരുക്കിയിരുന്നു.
ഇക്കോ പാര്‍ക്കിലെ കണ്ടല്‍കാടുകളും പുഴയോരവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാല്‍ നിരവധി ആളുകള്‍ സായാഹ്നം ആസ്വദിക്കാന്‍ പാര്‍ക്കില്‍ എത്തുന്നുണ്ട്.
വെള്ളിക്കീല്‍ പാര്‍ക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാരവകുപ്പും ലക്ഷ്യമിടുന്നത്.
വെള്ളിക്കീല്‍ പുഴയോരത്ത് 2014-ലാണ് രണ്ടുകോടി ചെലവിട്ട് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ഇക്കോപാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്.
ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍, ടൂറിസം-റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.