തളിപ്പറമ്പ് സര്‍വീസ് സഹകരണബേങ്ക്-ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍, വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2002 ല്‍ നടന്ന ബാങ്കിന്റെ പ്രധാന കെട്ടിടത്തിലെ എ.സി.പി.വര്‍ക്കുകള്‍ സംബന്ധിച്ച പരാതിയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തി, അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ സഹകരണ രജിസ്ട്രാര്‍ ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ തളിപ്പറമ്പിലെ അഭിഭാഷകനും ഹരജിക്കാരനുമായ അഡ്വ.വിനോദ് രാഘവന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അസി.രജിസ്ട്രാറുടെ അനുമതി വാങ്ങാതെ നടന്ന ഈ നിര്‍മ്മാണത്തിന് 12 ലക്ഷം രൂപയാണ് ചെലവായത്.

ക്വട്ടേഷനില്‍ പോലും ക്രമക്കേട് നടന്നിരുന്നതായി ആരോപിച്ച് റിട്ട. എസ്.ഐതളിപ്പറമ്പ് കണികുന്നിലെ ഗോവിന്ദനാണ് സഹകരണ വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.

കേസെടുത്തെങ്കിലും വിജിലന്‍സ് അന്വേഷണം ഇഴയുന്നതിനെതിരെ 2021 മാര്‍ച്ചില്‍ വിനോദ് രാഘവന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിനാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ആറ് മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാലാണ് വിനോദ് രാഘവന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.

രാജിവെച്ച മുന്‍ പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു വിജിലന്‍സ് അന്വേഷണം.