ഗ്രൂപ്പ് ശാഢ്യത്തിന് വഴങ്ങി കല്ലിങ്കീല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍-ഡി.സി.സി. തീരുമാനം പക്വതയില്ലായ്മയെന്ന് ആക്ഷേപം

തളിപ്പറമ്പ്: ഗ്രൂപ്പുകളുടെ ദുശാഢ്യത്തിന് വഴങ്ങി തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ ജനകീയമുഖമായ കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തുനിയുന്നത് ആത്മഹത്യാപരമാണെന്ന് പ്രവര്‍ത്തകര്‍.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ രാജരാജേശ്വര വാര്‍ഡില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി അംഗം രാഹുല്‍ദാമോദരനെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മണ്ഡലം

പ്രസിഡന്റിനെ ബാങ്ക് പ്രസിഡന്റാക്കാന്‍ നടത്തുന്ന അമിതാവേശവും പിന്‍വാതില്‍ നീക്കവും അനുവദിക്കില്ലെന്നും കല്ലിങ്കീല്‍ വിഭാഗത്തിലെ ഒരു നേതാവ് വെളിപ്പെടുത്തി.

കാലാവധി തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതിയുടെ പ്രസിഡന്റ്

സ്ഥാനത്തുനിന്ന് തിരക്കിട്ട് കല്ലിങ്കീലിനെ മാറ്റാന്‍ നേതൃത്വം ശ്രമിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാകുകയാണ്.

നിലവില്‍ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്ലിംലീഗില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ നിലവിലിരിക്കെ കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഡി.സി.സി.നേതൃത്വം ശ്രമിച്ചത് പക്വതയില്ലായ്മയാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.

ഈ കാലാവധി തീരുന്ന മുറയ്ക്ക് പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്നും അതല്ലാത്തപക്ഷം ജില്ലയില്‍ മുഴുവന്‍ ബാധകമാകുന്ന വിധത്തില്‍

ഒരാള്‍ക്ക് രണ്ട് പദവി വേണ്ടെന്ന് ഡി.സി.സി.നേതൃത്വം തീരുമാനം കൈക്കൊള്ളണമെന്നും കല്ലിങ്കീല്‍ പക്ഷം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതൊക്കെ നിരാകരിച്ച് മുന്‍ ഡി.സി.സി.പ്രസിഡന്റിന്റെ നോമിനികൂടിയായ മണ്ഡലം പ്രസിഡന്റിന് തിരക്കിട്ട് പ്രസിഡന്റ് പദവി നല്‍കാനാണ് കല്ലിങ്കീലിനെതിരെ നീക്കം നടത്തുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും കല്ലിങ്കീല്‍ വിഭാഗം പറഞ്ഞു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ 11 അംഗ ഭരണസമിതിയില്‍ ലീഗിന് അഞ്ചും കോണ്‍ഗ്രസിന് ആറ് പ്രതിനിധികളുമാണുള്ളത്.