കേരള ക്ഷേത്രകലാ അക്കാദമി-ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13ന് മണ്ടൂരില്‍.

പിലാത്തറ: കേരള ക്ഷേത്ര കലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യ ഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13 ന് മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കാനും ജനകീയവല്‍ക്കരിക്കാനുമായി കേരള സര്‍ക്കാര്‍ റവന്യൂ (ദേവസ്വം) വകുപ്പ്, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ രൂപീകൃതമായ ക്ഷേത്രകലാ അക്കാദമി നിരവധി ക്ഷേത്രകലാ മേളകള്‍, പണിപ്പുരകള്‍, സോദാഹരണ ക്ലാസ്സുകള്‍, ക്ഷേത്രകലാ പ്രചാരണ പരിപാടികള്‍,

ഹ്രസ്വകാല കോഴ്‌സുകള്‍, ക്ഷേത്രകലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍മാരെ ആദരിച്ചുകൊണ്ട് നല്‍കുന്ന അവാര്‍ഡുകള്‍ എന്നിവകളിലൂടെ കേരളീയ സമൂഹത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുകയാണ്.

ചെണ്ട, ഓട്ടന്‍ തുള്ളല്‍, ചുമര്‍ചിത്രം, മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം, തുടങ്ങി വൈവിധ്യങ്ങളായ നിരവധി ക്ഷേത്രകലാ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിവരികയാണ്.

ചെറുതാഴം വാദ്യ ഗ്രാമത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2022-23 വര്‍ഷത്തെ ചെണ്ടമേളം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റമാണ് ഏപ്രില്‍ 13ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മണ്ടൂര്‍ ശങ്കരവിലാസം എല്‍ പി സ്‌കൂളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ അധ്യക്ഷതയില്‍ എം. വിജിന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.

മുന്‍ എംഎല്‍എ ടി.വി രാജേഷ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വാര്‍ഡ് മെമ്പര്‍ യു. രാധ, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി എം വേണുഗോപാലന്‍, ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം ടി. കെ. സുധി, സംഘാടക സമിതി ഭാരവാഹി എം. വി. രവി ഹെഡ്മാസ്റ്റര്‍ ഒ. സി. കേശവന്‍, പരിശീലകന്‍ കരയടം ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് സ്വാഗതവും പിടിഎ ഭാരവാഹി സോജാ ശ്രീധരന്‍ നന്ദിയും പറയും. തുടര്‍ന്ന് കുട്ടികളുടെ അരങ്ങേറ്റം.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് പരിശീലകന്‍ കരയടം ചന്ദ്രന്‍, സ്‌ക്കൂള്‍ പിടിഎ ഭാരവാഹികളായ സോജാ ശ്രീധരന്‍, പി.വി.രവീന്ദ്രന്‍, പി.വി.ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.