വികലാംഗന്‍ 203 കിലോമീറ്റര്‍ മുച്ചക്രവാഹനത്തില്‍ സഞ്ചരിച്ച്-പരിയാരം ആയുര്‍വേദ കോളേജിലെത്തി തീകൊളുത്തിമരിച്ചു.

പരിയാരം: മുച്ചക്ര വാഹനത്തില്‍ പട്ടാമ്പിയില്‍ നിന്നും 203 കിലോമീറ്റര്‍ യാത്രചെയ്ത് പരിയാരത്തെത്തിയ വികലാംഗന്‍ ഗവ.ആയുര്‍വേദ കോളേജ് കാമ്പസില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു.

പാലക്കാട് പട്ടാമ്പി കീഴായൂര്‍ ടി.ആര്‍ തൊടി ഹൗസില്‍ അഭിലാഷ് (46)ആണ് മരിച്ചത്. ഗോപി-കല്യാണി ദമ്പതികളുടെ മകനാണ്.

മെയ് 15-ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

വികലാംഗനായ അഭിലാഷ് ലോട്ടറി വില്‍പ്പനക്കാരനാണ്.

രണ്ടും കാലുകള്‍ക്കും സ്വാധീനമില്ലാത്ത ഇയാള്‍ മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ജീവിക്കുന്നത്.

ഇതേ വാഹനത്തില്‍ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോയി അവിടെ പെട്രോള്‍പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോല്‍ വാങ്ങിയാണ് പരിയാരത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു.

ആയുര്‍വേദ കോളേജില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കണ്ട ശേഷം ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ തീയണച്ച് പരിയാരം കണ്ണൂര്‍ ഗവ. മെഡി. കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാല്‍ ബന്ധുക്കളെത്തി കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് തീകൊളുത്തിയതെന്നാണ് അഭിലാഷ് മെഡിക്കല്‍ കോളേജില്‍ വെച്ച് മൊഴിയെടുക്കാനെത്തിയ പോലീസിനോട് പറഞ്ഞത്.

ഇന്നലെ രാവിലെയാണ് കോഴിക്കോട് വെച്ച് അഭിലാഷ് മരണപ്പെട്ടത്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത്–വികലാംഗര്‍ക്കുള്ള നൈപുണ്യ ക്ലാസില്‍ പങ്കെടുത്ത സമയത്ത് പരിചയപ്പെട്ട വികലാംഗയായ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ജീവനക്കാരിയെ തേടിയാണ് അഭിലാഷ് പരിയാരത്ത് എത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ ഇദ്ദേഹത്തിന്റെ മുച്ചക്രവാഹനം കേടായപ്പോള്‍ നൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത വികലാംഗരുടെ വാസ് ആപ്പ് ഗ്രൂപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച അഭിലാഷിന് 4000 രൂപ സഹായിച്ചതോടെയാണ് മെഡിക്കല്‍ കോളേജിലെ വികലാംഗ ജീവനക്കാരിയുമായി വാട്‌സ്ആപ്പ് ബന്ധം ആരംഭിച്ചത്. ഗുഡ്‌മോര്‍ണിംഗില്‍ തുടങ്ങിയ ബന്ധം പരിധി കടക്കുന്നതായി മനസിലായതോടെ ഇയാളുടെ നമ്പര്‍ ജീവനക്കാരി ബ്ലോക്ക് ചെയ്തു. ഇതോടെയാണ് നേരിട്ട് കാണാന്‍ ഇത്രയും ദൂരം യാത്രചെയ്ത് അഭിലാഷ് എത്തിയത്. അഭിലാഷിനെ കണ്ടതോടെ ജീവനക്കാരി വാതിലടച്ചു. ഇതോടെ മാനസികമായി തകര്‍ന്ന അഭിലാഷ് കയ്യില്‍ കരുതിയ പെട്രോള്‍കുപ്പി തുറന്ന് ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയത്ത് അതുവഴി ബൈക്കില്‍ പോകുകയായിരുന്ന ജീവനക്കാരനാണ് കമ്പിളി പുതപ്പ് പുതപ്പിച്ച് തീയണച്ച് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. സിന്ധുവാണ് അഭിലാഷിന്റെ ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍-ശിവതി, ഷിബീഷ്.