തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതായ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്-ടി.കെ.ഹംസ-നടപടിയുണ്ടാകുമെന്നും വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ.

തളിപ്പറമ്പ് ജുമാഅത്ത്പള്ളി കമ്മറ്റിയുടെ അധീനതയിലുള്ള ജുമാഅത്ത്പള്ളി, കബര്‍സ്ഥാന്‍, മല്‍സ്യമാര്‍ക്കറ്റ്, വിവാദമായ മലിനജല ശുചീകരണ പ്ലാന്റ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു.

തളിപ്പറമ്പില്‍ സി.അബ്ദുള്‍കരീം ചെയര്‍മാനായി രൂപീകരിച്ച വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടി.കെ.ഹംസ ഇന്ന്‌
വൈകുന്നേരം സന്ദര്‍ശനത്തിനെത്തിയത്.

പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനാല്‍ തുടര്‍അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന് ശേഷം ആവശ്യമായ അനന്തര നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജുമാഅത്ത് പള്ളിക്കമ്മറ്റിയുടെ അധീനതയിലുള്ള ഏക്കര്‍ കണക്കിന് വഖഫ്ഭൂമി പലരും കയ്യേറിയതിനെതിരെ നടപടികള്‍ ആവശ്യപ്പെട്ടാണ് വഖഫ് സ്വത്ത്‌സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടത്.

കേരളത്തില്‍ വഖഫ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഏക മല്‍സ്യമാര്‍ക്കറ്റായ തളിപ്പറമ്പിലെ മാര്‍ക്കറ്റ് ആധുനികവല്‍ക്കരിക്കുന്നതിന് സാമ്പത്തികസഹായം നല്‍കണമെന്നാവശ്യപ്പെട്ട് സ്വത്ത് സംരക്ഷണസമിതി ചെയര്‍മാന്‍ സി.അബ്ദുള്‍കരീം നല്‍കിയ നിവേദനം പരിഗണിക്കുമെന്ന് ടി.കെ.ഹംസ പറഞ്ഞു.

കെ.പി.എം.റിയാസുദ്ദീന്‍, കെ.പി.അഷറഫ്, എം.പി.റഫീക്ക്, സലാം, ചപ്പന്‍ മുസ്തഫഹാജി എന്നിവരും ടി.കെ.ഹംസയോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ജുമാഅത്ത്പള്ളി ട്രസ്റ്റ് കമ്മറ്റി ഭാരവാഹികളാരും സ്ഥലത്തെത്തിയില്ല.